ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് ധീരതയോടെ പൊരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വർദ്ധിച്ചുവെന്ന് സർവ്വേ റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണിംഗ് കൺസൾട്ടന്റ് എന്ന റിസർച്ച് സ്ഥാപനമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ജനുവരി ഏഴിന് 76 ശതമാനം ആയിരുന്ന മോദിയുടെ ജനസമ്മതി ഏപ്രിൽ 21 ആയതോടെ 83 ശതമാനമായി വർദ്ധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഐ.എ.എൻ.എസ് കൊവിഡ് ട്രാക്കറിന്റെ സർവേ പ്രകാരം മാർച്ച് 25ന് 76.8 ശതമാനമായിരുന്ന മോദിയിലുണ്ടായിരുന്ന വിശ്വാസം ഏപ്രിൽ 21 ആയതോടെ 93.5 ശതമാനമായി ഉയർന്നു എന്നാണ്. മാർച്ച് തുടക്കത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളർച്ചാ നിരക്ക് കുറഞ്ഞ സാമ്പത്തിക വ്യവസ്ഥയിലൂടെയാണു ഇന്ത്യ കടന്നുപോയിരുന്നത്.
ഡൽഹിയിലെ തെരുവുകളിൽ ഉയർന്ന പ്രതിഷേധങ്ങൾ, പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭം, ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച തുടങ്ങി നിരവധി പ്രതിസന്ധികൾ മോദി സർക്കാരിനെതിരെ ആയുധങ്ങളായി മാറിയിരുന്നു. എന്നാൽ, കൊവിഡ് പ്രതിരോധ നടപടികൾ മുന്നിൽനിന്നു നയിക്കാൻ തുടങ്ങിയതോടെ മോദിയുടെ ആഗോളസമ്മതി വീണ്ടുമുയർന്നു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മരുന്നിനു വേണ്ടി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയെത്തി. കൃത്യസമയത്തു രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കിയത് ഉൾപ്പെടെയുള്ള നടപടികളിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞത് ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധയാകർഷിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് മാതൃകയാകാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.രാജ്യത്തെ സ്ത്രീകൾക്കും കർഷകർക്കും നേരിട്ട് അക്കൗണ്ടുകൾ വഴി പണമെത്തിക്കുന്നതുൾപ്പെടെ ഉത്തേജനപാക്കേജ് നടപ്പാക്കിയതും മോദിസർക്കാരിന്റെ ജനപ്രീതി വർദ്ധിപ്പിച്ചുവെന്നാണു റിപ്പോർട്ട്.