spain

മാഡ്രിഡ് : ലോക്ക്ഡൗണിനിടെ സ്പെയിനിലെ ബാഴ്സലോണയിൽ തെരുവിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന സീരിയൽ കില്ലർ പിടിയിൽ. കാറ്റലോണിയയിൽ തെരുവിൽ കഴിഞ്ഞിരുന്ന ഒരാളെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ തീരദേശപ്രദേശമായ സാന്റ് ക്യൂഗെറ്റ് ഡെൽ വാൽസിൽ വച്ച് കൊലയാളിയെന്ന് സംശയിക്കുന്നയാളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെടുത്ത അതേ സ്ഥലത്ത് നിന്നാണ് അടുത്തിടെ കൊലചെയ്യപ്പെട്ട രണ്ട് പേരെയും കണ്ടെത്തിയത്. ഇവരും ബാഴ്സലോണയിലെ തെരുവുകളിൽ ജീവിച്ചിരുന്നവരാണെന്നാണ് വിവരം. തലയ്ക്കടിയേറ്റാണ് ഇവർ കൊല്ലപ്പെട്ടിരിക്കുന്നത്. ശരീരത്തിൽ മർദ്ദനമേറ്റ മറ്റ് പാടുകളൊന്നുമില്ല.

ദൃക്സാക്ഷികളുടെ മൊഴിയും സിസിടിവി ക്യാമറ ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാൻ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. 35 വയസുള്ള ബ്രസീൽ വംശജനാണ് പ്രതിയെന്നാണ് വിവരം. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ബാഴ്സലോണയ്ക്ക് പുറത്ത് വനത്തിൽ കാരവാനിലാണ് ഇയാളുടെ താമസമെന്നാണ് റിപ്പോർട്ട്. ബാഴ്സലോണയ്ക്ക് 250 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സാറാഗോസയിൽ നിന്നും മോഷണക്കുറ്റത്തിന് ഇയാളെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് പറഞ്ഞു. മാർച്ച് 14ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മാഡ്രിഡ് ഉൾപ്പെടെയുള്ള സ്പെയിനിലെ തെരുവുകൾ വിജനമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങിയിരുന്നില്ല. മറ്റ് സ്പാനിഷ് നഗരങ്ങളെ പോലെ തന്നെ ബാഴ്സലോണയിലും തെരുവുകളിൽ കഴിഞ്ഞിരുന്നവർക്കായി അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ ചിലർ ഇത് നിരസിച്ച് തെരുവുകളിൽ തന്നെ തുടർന്നിരുന്നു. മാർച്ച് 19 മുതൽ തെരുവുകളിൽ കഴിഞ്ഞിരുന്ന നാല് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇതിൽ മൂന്ന് പേർ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. തെരുവുകളിൽ കഴിഞ്ഞിരുന്നവർക്കിടയിൽ തന്നെ നടന്ന സംഘർഷങ്ങൾക്കിടയിലാണ് ഒരാൾ മരിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.