തിരുവനന്തപുരം: രണ്ടുപേർക്ക് കൊവിഡ് ബാധിച്ച നെയ്യാറ്റിൻകരയിൽ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 105 പേരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കി നിരീക്ഷണത്തിലാക്കി. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയായ 48 കാരനുമായും തമിഴ്നാട് അതിർത്തി പ്രദേശമായ മേപ്പാലയിൽ താമസക്കാരനായ തമിഴ്നാട് സ്വദേശിയുമായും ലോക്ക് ഡൗണിന് ശേഷം ബന്ധം പുലർത്തിയവരെയും ഇവർ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരെയും ഇവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെയുമാണ് ഇപ്പോൾ നിരീക്ഷണത്തിലാക്കിയത്.
രോഗം സ്ഥിരീകരിച്ചവർ ചികിത്സയിലുണ്ടായിരുന്ന നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രിയിലെ ഏഴ് ഡോക്ടർമാരും 16 നഴ്സുമാരുമുൾപ്പെടെ 49 ജീവനക്കാരും തമിഴ്നാട് സ്വദേശിയായ ആളിന്റെ പതിനൊന്ന് കുടുംബാംഗങ്ങളും ഇയാൾ ആദ്യം ചികിത്സ തേടിയ പാറശാല ഗവ. ആശുപത്രിയിലെ 29 ജീവനക്കാരും നിരീക്ഷണത്തിലാണ്. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയുടെ കുടുംബാംഗങ്ങളായ ഏഴുപേരെ കൂടാതെ ആദ്യം ചികിത്സതേടിയ ആശുപത്രിയിലെ 16 ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിരിക്കുന്ന ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി ശേഖരിക്കാനുളള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ രോഗ ബാധിത പ്രദേശങ്ങളിലുള്ളവരുമായുണ്ടായ സമ്പർക്കത്തിൽ നിന്നാണ് തമിഴ്നാട് സ്വദേശിക്ക് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ തമിഴ്നാട്ടിലെ സൗഹൃദപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പിന് കേരളത്തിൽ നിന്ന് നിർദേശം നൽകിയിട്ടുണ്ട്. ബാലരാമപുരത്ത് പി..എസ്.സി പരിശീലന കേന്ദ്രം നടത്തിപ്പുകാരനായിരുന്ന പത്താംകല്ല് സ്വദേശിയ്ക്ക് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ലോക്ക് ഡൗണിന് മുമ്പും പിമ്പും ഇയാളുടെ സഞ്ചാര വഴികളും സൗഹൃദങ്ങളും അരിച്ചുപെറുക്കിയെങ്കിലും രോഗപ്പകർച്ചയ്ക്ക് വഴിയൊരുക്കും വിധമുളള സമ്പർക്കത്തെപ്പറ്റിയുള്ള സൂചനകളൊന്നും ലഭിച്ചില്ല. ബാലരാമപുരത്തെ സ്ഥാപനത്തിൽ പരിശീലനത്തിനെത്തിയ ഉദ്യോഗാർത്ഥികളുടെ പട്ടികയും ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇവരിൽ പലരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ ഉടൻ സ്രവപരിശോധനയ്ക്ക് വിധേയരാകാനും നിർദേശം നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി, ബാലരാമപുരം, പാറശാല പ്രദേശങ്ങളിലെല്ലാം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.