തിരുവനന്തപുരം: ചൈന പിൻവാങ്ങിയ മേഖലകളിൽ ഇടംപിടിക്കാൻ ഇന്ത്യ ഒരുക്കം തുടങ്ങി. കൊവിഡ് പ്രഭാവം കഴിയുന്നതോടെ ആഗോളവിപണിയിൽ ഇരച്ചുകയറാനാണ് ഇന്ത്യൻ ശ്രമം.ഇതിനായി ഇന്ത്യൻ കയറ്രുമതിക്കാർക്ക് ഇൻസെന്റീവുകൾ ഉൾപ്പെടെ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറയുന്നു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമാണ് വെല്ലുവിളി. ലോകവ്യാപാര സംഘടന നിർണയിക്കുന്ന ഗുണനിലവാരം വേണം. കൊവിഡ് 19 വെല്ലുവിളികൾക്കൊപ്പം നമുക്ക് അവസരവും തന്നിരിക്കുകയാണ്.ലോകം മുഴുവൻ ഭക്ഷ്യ പ്രശ്നം നേരിടുന്നതിനാൽ കാർഷിക ഉല്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെയും മറ്രും കയറ്രുമതിക്ക് നല്ല സാദ്ധ്യതയുണ്ട്.
വഴി
വിദേശ കാര്യ മന്ത്രാലയവും എംബസികളും വഴി വിദേശ സർക്കാരുകളുമായി ധാരണയുണ്ടാക്കി കയറ്രുമതി ശക്തമാക്കണം. ഉല്പന്നങ്ങൾ വിദേശ വിപണിയിൽ എത്തിക്കണം. വിദേശ സർക്കാരുകളുമായി ധാരണ ഉണ്ടാക്കിയാൽ പണം ഇപ്പോൾ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.
വെല്ലുവിളി
കഴിഞ്ഞ സാമ്പത്തിക വർഷം കയറ്രുമതിയിൽ നേരിയ കുറവുണ്ടായിരുന്നു. അത് പരിഹരിക്കണം. ചൈനയിൽ ഇപ്പോഴുള്ള കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കണം. വിദഗ്ദ്ധരായ ജീവനക്കാരും വേണ്ടിവരും. ഇക്കാര്യത്തിൽ കമ്പനികളാണ്, രാജ്യമല്ല തീരുമാനമെടുക്കേണ്ടത്. ഇത് പെട്ടെന്ന് നടക്കണമെന്നില്ല. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയെടുക്കും. പല മേഖകളിലും നമ്മൾ സ്വയം പര്യാപ്തമാണെന്നതും നേട്ടമാണ്. കയറ്രുമതി നടത്തുമ്പോൾ താരിഫ്, നോൺ താരിഫ് മേഖലകളിൽ ഉണ്ടാകുന്ന കടമ്പകളെ അതിജീവിക്കണം. അതേ സമയം കൊവിഡിന്റെ മറവിൽ ഉല്പന്നങ്ങൾക്കുള്ള നിയന്ത്രണം നീക്കണമെന്ന ഡബ്ല്യൂ.ടി.ഒയുടെ കെണിയൽ നാം വീഴരുത്.ടെക്സ്റ്രൈൽസ്, ഇൻഡസ്ട്രിയൽ മെഷിനറികൾ, ഫുഡ് പ്രോസസിംഗ്, ഫാർമസ്യൂട്ടിക്കൽസ്,രാസവസ്‌തുക്കൾ, അണുനാശിനികൾ തുടങ്ങിയ മേഖലകളിൽ നമുക്ക് മുന്നേറാൻ കഴിയും.
--ഡോ. മുരളി കല്ലുമ്മൽ, പ്രൊഫസർ, സെന്റർ ഫോർ ഡബ്ല്യൂ.ടി.ഒ സ്റ്രഡീസ് , ന്യൂഡൽഹി.