സർക്കാറിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിനെ പറ്റി സമ്മിശ്രമായ പ്രതികരണമാണ് പുറത്തു വരുന്നത്. ഈ ആഴ്ച എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്ന ആരോജ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും ആപ്ലിക്കേഷൻ സ്റ്റാറ്റസ് ‘സുരക്ഷിതം’ എന്ന് കാണിക്കുമ്പോൾ മാത്രം ഓഫീസിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും ഈ അപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കും. മറ്റൊരു റിപ്പോർട്ട് പ്രകാരം പുതിയ ഫോൺ ഉപയോഗിക്കുന്നതിനു മുമ്പായി ആരോഗ്യ സേതു അപ്ലിക്കേഷനിൽ സ്വയം രജിസ്റ്റർ ചെയ്യുന്നത് സർക്കാർ നിർബന്ധമാക്കുമെന്ന് പറയുന്നു.
നേരത്തെ സ്മാർട്ട്ഫോൺ നിർമാതാക്കളോട് കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോണുകൾ വിപണിയിൽ ഇറക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്ക്ഡൗൺ മൂലം ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്തിവച്ചതിനാൽ ഇത് നടപ്പാക്കാൻ കഴിഞ്ഞില്ല. നിർമ്മാതാക്കൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെടുത്തിയ ശേഷം നിർമ്മാണം പുനരാരംഭിക്കുമ്പോൾ അസംബ്ലി ലൈനിൽ നിന്ന് വരുന്ന എല്ലാ പുതിയ ഫോണുകളിലും ആരോജ്യ സേതു അപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്ന് സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഉപയോക്താക്കൾ പുതിയ ഫോൺ അപ്ഡേറ്റ് ചെയ്യുമ്പോൾ തന്നെ ആരോജ്യ സേതു അപ്ലിക്കേഷനിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതായി വരും. ലോക്ക്ഡൗൺ കഴിഞ്ഞ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന രാജ്യത്ത് പുനരാരംഭിച്ചുകഴിഞ്ഞാൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ഫോണുകൾക്കും ഈ സംവിധാനം നടപ്പിലാക്കും. നിർദ്ദേശം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ നോഡൽ ഏജൻസികളെ നിയമിക്കും. രജിസ്ട്രേഷൻ ഘട്ടം ഒഴിവാക്കാൻ കഴിയാത്ത വിധത്തിൽ ഫോണുകളിൽ ആരോജ്യ സേതു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തും.