നാല് എം.എൽ.എമാർക്ക് ചുമതല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ,മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനവും സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് സി.പി.എം രാഷ്ട്രീയ പ്രചാരണായുധമാക്കുന്നുവെന്ന ആശങ്കയിൽ, ഇതിനെ അതേ രീതിയിൽ പ്രതിരോധിക്കാൻ കോൺഗ്രസും ഒരുങ്ങുന്നു.
തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, കൊവിഡ് കാലത്തെയും സി.പി.എം രാഷ്ട്രീയ അവസരമാക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സി.പി.എം സൈബർ ആക്രമണം അതിര് വിടുന്നുവെന്ന അഭിപ്രായം ഇന്നലെ എം.എൽ.എമാരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ വീഡിയോ കോൺഫറൻസിൽ ഉയർന്നു. ഇതേ തുടർന്ന്, സൈബർ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനുമായി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ, വി.ടി. ബൽറാം എന്നീ യുവ എം.എൽ.എമാരെ നേതൃത്വം ചുമതലപ്പെടുത്തി.
കൊവിഡ് പ്രതിരോധത്തിലൂന്നിയ പ്രചാരണത്തിൽ തുടക്കത്തിൽ മേൽക്കൈ നേടിയ സി.പി.എമ്മിന്, സ്പ്രിൻക്ലർ സാലറി കട്ട് വിവാദങ്ങളുടെ പേരിൽ തിരിച്ചടി നേരിട്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തിരിച്ചടി മറികടക്കാൻ സി.പി.എം സൈബർ ആക്രമണം ശക്തിപ്പെടുത്തിയിരിക്കെ, ഇതിന് ശക്തമായ പ്രതിരോധം ചമച്ചില്ലെങ്കിൽ താഴെത്തട്ടിൽ അത് ബാധിച്ചേക്കുമെന്നും നേതൃത്വം കരുതുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരാണ് പാർട്ടി എം.എൽ.എമാരുമായി ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചത്.