tomato

​​​തിരുവനന്തപുരം: സംസ്ഥാനത്ത് തരിശ് കിടക്കുന്ന ഭൂമിയിൽ പൂർണമായി കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃഷിവകുപ്പിന്റെ ബൃഹത് പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു . ഒരു വർഷത്തിനകം 3,000 കോടി രൂപ കാർഷിക മേഖലയിൽ ചെലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

''കൊവിഡ് അനന്തര കാലത്തെ അതിജീവനത്തിന്റെ മാർഗങ്ങളിൽ ഏറ്റവും പ്രധാനമായി കാണുന്നത് കൃഷിയെ ആണ്. സംസ്ഥാനത്ത് തരിശ് കിടക്കുന്ന ഭൂമിയിൽ പൂർണമായി കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃഷിവകുപ്പിന്റെ ബൃഹത് പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കുകയാണ്. ഒരു വർഷത്തിനകം 3,000 കോടി രൂപ കാർഷിക മേഖലയിൽ ചെലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തരിശുഭൂമിയാകെ കൃഷിചെയ്യുന്ന രീതിയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിനും കൃഷിവകുപ്പിനും പറമെ മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതിപട്ടികവർഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയിൽ വിവിധ തലത്തിൽ പങ്കാളികളാകും.

കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകി കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുക, യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുക, ജോലി നഷ്ടപ്പെട്ട് തിരിച്ചുവരാനിടയുള്ള പ്രവാസികളെ കൂടി കാർഷിക രംഗത്തേക്ക് കൊണ്ടുവരിക എന്നിവയും കൃഷിവകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

കന്നുകാലി സമ്പത്തിന്റെ വർദ്ധന, പാലിന്റെയും മുട്ടയുടെയും ഉത്പാദനവർദ്ധന, മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്തൽ എന്നീ ഘടകങ്ങളും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതിയിൽ മേയ് 15ന് മുമ്പ് ആവശ്യമായ മാറ്റം വരുത്തും.

കൃഷി ചെയ്യുന്നവർക്ക് വായ്പയും സബ്സിഡിയും മറ്റു പിന്തുണയും നൽകും. പച്ചക്കറി ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതോടൊപ്പം, ശീതീകരണ സംവിധാനത്തിന് വ്യക്തമായ പദ്ധതിയുണ്ടാകും. ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാർഷിക ചന്തകൾ സംഘടിപ്പിക്കും.ചന്ത സംഘടിപ്പിക്കുന്നതിന് കാർഷിക സംഘങ്ങൾക്കും കുടുംബശ്രീ പോലുള്ള ഏജൻസികൾക്കും സർക്കാർ സഹായം നൽകും.