സാർവദേശീയ തൊഴിലാളി ദിനമായി, മേയ് ഒന്ന് ആചരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 130 വർഷം.
1889 ജൂലായ് 14ന് പാരീസിൽ ചേർന്ന രണ്ടാം ഇന്റർനാഷണലിലാണ് 1890 മേയ് ഒന്ന് സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനമെടുത്തത്.
അമിതമായ അദ്ധ്വാനഭാരം അടിച്ചേൽപ്പിച്ചും കഠിന ജോലിക്ക് യാതൊരുവിധ സുരക്ഷയും നല്കാതെയും കേവലം അടിമകളെപ്പോലെ തൊഴിലാളികൾ. ഇവയ്ക്ക് പരിഹാരം തേടി അമേരിക്കൻ ഐക്യനാടുകളിൽ 1886 മേയ് ഒന്നുമുതൽ വ്യാപകമായി പ്രക്ഷോഭമുയർന്നു. ഇതിന്റെ ഭാഗമായി മേയ് 4ന് ചിക്കാഗോ തെരുവീഥികളിൽ നടന്ന വമ്പിച്ച പ്രതിഷേധ പ്രകടനങ്ങൾക്കുനേരെ നടന്ന വെടിവയ്പിൽ മരിച്ചുവീണ തൊഴിലാളികളുടെയും സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട നേതാക്കളുടെയും ജ്വലിക്കുന്ന ഓർമ്മകളാണ് സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന മേയ് ദിനം.അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും വിലയും പ്രാധാന്യവും വിലയിരുത്തുന്നതിനുള്ള ദിനം.
എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യമാണ് തൊഴിലാളികളുടെ കൂട്ടായ്മയ്ക്കും പ്രക്ഷോഭങ്ങൾക്കും ആധാരം.
ലോകം മുഴുവൻ കൊവിഡ് രോഗത്തിനെതിരെ കടുത്ത യുദ്ധത്തിലാണ്. മനുഷ്യരെയെല്ലാം വേദനിപ്പിക്കുന്ന വാർത്തകളാണ് മിക്കകോണുകളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ ലോകത്തെമ്പാടുമുള്ള ജനങ്ങൾ മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത അവസ്ഥയിലാണ്. വലിയ പ്രതിസന്ധിയിലേക്ക് ലോകരാജ്യങ്ങൾ കൂപ്പുകുത്തുമെന്നാണ് ലോക സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൊവിഡ് പ്രതിസന്ധി ഇന്ത്യയിൽ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്നാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ റിപ്പോർട്ട്. ഇന്ത്യയിലെ തൊഴിലാളി വർഗം ഗൗരവമായ പോരാട്ടങ്ങളുടെ നടുവിലായിരുന്നപ്പോഴാണ് കൊറോണ വൈറസ് രോഗം കടന്നുവന്നത്.
രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളാണ് ഇന്ന് ഏറ്റവും കൂടുതൽ ദുരിതം പേറുന്നത്. കൊവിഡിന്റെ വ്യാപനവും തുടർന്നുണ്ടായ അടച്ചുപൂട്ടലും അവരുടെ ജീവിതമാർഗം ഇല്ലാതാക്കി. ഈ അവസ്ഥയിലാണ് നിലവിലുള്ള തൊഴിൽ നിയമങ്ങളിലെ കാതലായ വ്യവസ്ഥകൾ പലതും പാടേ മാറ്റംവരുത്താനുള്ള നീക്കമെന്ന വിലയിരുത്തൽ.
കൊവിഡ് കാലത്ത് ജോലിക്ക് തൊഴിലാളികളെ കിട്ടാൻ വിഷമമായതിനാൽ കിട്ടുന്ന തൊഴിലാളികളെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കുക എളുപ്പമാർഗമായി കാണുകയാണ്. തൊഴിൽ നിയമങ്ങളെല്ലാം യാതൊരു ചർച്ചയും കൂടാതെ പൊളിച്ചെഴുതുകയാണ്. നേരത്തെ പാസാക്കിയ കോഡ് ഓൺ വേജസ് ആക്ടിൽ 9 മണിക്കൂറാണ് ജോലി സമയം പറഞ്ഞിരുന്നതെങ്കിൽ ഇപ്പോഴത് 12 മണിക്കൂറാക്കി ഓർഡിനൻസ് ഇറക്കാൻ പോകുന്നതായും വിമർശനം ഉയർന്നിട്ടുണ്ട്. നിലവിലുള്ള ഫാക്ടറി ആക്ട് അനുസരിച്ച് ഒരു തൊഴിലാളിയുടെ അദ്ധ്വാനശേഷി പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നത് 8 മണിക്കൂറാണ്. അടിയന്തര അനിവാര്യ ഘട്ടങ്ങളിൽ ഓവർടൈം ജോലി ചെയ്യേണ്ടിവന്നാൽ ഇരട്ടി ശമ്പളം കൊടുക്കണം. മൂന്ന് മാസത്തിനിടെ 120 മണിക്കൂറിലധികം ഓവർടൈം നൽകാൻ പാടില്ല. ഇത് ഭേദഗതി ചെയ്തു വ്യവസായ ശാലകളിലും തൊഴിൽ ശാലകളിലും ജോലി സമയം, 12 മണിക്കൂറാക്കുന്നതിനായി കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ ആലോചിക്കുന്നതായാണ് ആക്ഷേപം.
2017ൽ വേജ് കോഡ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടുവെങ്കിലും വമ്പിച്ച പ്രതിഷേധത്തെ തുടർന്ന് മാറ്റിവയ്ക്കാൻ സർക്കാർ നിർബന്ധിതമായി. അതിനെ പൊടിതട്ടിയെടുത്ത് നിലവിലുള്ള 44 കേന്ദ്ര തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളാക്കി രൂപംകൊടുക്കുകയും 2019 ജൂലായിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു.
രാജ്യം അസാധാരണമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയും സർവത്ര മേഖലകളിലും തൊഴിലെടുക്കുന്നവർ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുകയും ചെയ്യുമ്പോൾ അതൊന്നും വകവയ്ക്കാതെ വർഷങ്ങളായി നിലനില്ക്കുന്ന തൊഴിൽ നിയമങ്ങളെ ഏകപക്ഷീയമായി ഭേദഗതി വരുത്താൻ ശ്രമിക്കുന്നത് നീതിക്ക് ഒട്ടും നിരക്കുന്നതല്ലെന്ന് മാത്രമല്ല, തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതുമാണ്.