എനിക്കേറെ ഇഷ്ടമുള്ള നടനായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള ഈ വേർപാട് മനസിൽ നൊമ്പരമുണ്ടാക്കുന്നു. ബോളിവുഡിലെ മറ്റ് നടന്മാരെക്കാൾ സുന്ദരൻ. ആ ചിരിയിൽ തന്നെ ഒരു കൗതുകം ഒളിപ്പിച്ചിട്ടുണ്ടാകും. മുതിർന്നപ്പോഴും ആ സൗന്ദര്യത്തിന് മാറ്റം വന്നില്ല. കുറച്ച് ഗൗരവം കൂടി. ഗൗരവമുള്ള അച്ഛന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യവുമായിരുന്നു.
ബോബി മുതൽ ഋഷിയുടെ അഭിനയത്തെ ശ്രദ്ധിച്ചിരുന്നു. നായകനായി ആദ്യ ചിത്രമാണെങ്കിൽപ്പോലും അതിന്റെ ഒരു ലക്ഷണവും സക്രീനിൽ കാണാൻ കഴിയില്ല. സിനിമാ കുടുംബത്തിൽ തന്നെ ജനിച്ചതിനാലാകണം അത്. രാജ്കുമാറിന്റെ തീരുമാനം തെറ്റിയില്ലെന്ന് മകനായ ഋഷി കപൂർ തെളിയിച്ചു. അന്നുവരെ കണ്ടതിൽ നിന്നും വ്യത്യസ്ഥമായ നായകൻ അതായിരുന്നു 'ബോബി'യിൽ കണ്ടത്. വെള്ളിത്തിരയിൽ യുവത്വത്തിന്റെ ആഘോഷങ്ങൾക്കു തിരികൊളുത്തുകയായിരുന്നു അന്നത്തെ 21 കാരൻ പയ്യൻ. അന്ന് മലയാള സിനിമകളിലെ ലൊക്കേഷനിലും എല്ലാവരും പാടിനടന്നിരുന്നത് 'ഹം തും എക് കമ്‌രേ മേം ബന്ദ് ഹോ' എന്ന അതിലെ ഗാനമായിരുന്നു. ഈ അടുത്തകാലത്തും ഒരു പരിപാടിയിൽ ആ ഗാനം കേട്ടു. എനിക്കേറെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണത്.
ലതാ മങ്കേഷ്‌കറും ശൈലേന്ദ്രയും ചേർന്നാണ് ആ ഗാനം ആലപിച്ചത്. ശൈലേന്ദ്ര സിംഗ് പാടുന്നതുകേട്ടാൽ ഋഷി കപൂർ പാടുകയാണെന്നേ തോന്നൂ. അതിലെ തന്നെ 'മേ ഷായർ തൊ നഹീ...' എന്ന ഗാനവും ഇപ്പോൾ മനസിൽ ഓടിയെത്തുന്നു.
ഋഷി കപൂർ എന്ന നടനൊപ്പം ബോളിവുഡിൽ പ്രണയവും പൂത്തുലയുന്ന നാളുകളായിരുന്നു തുടർന്നുള്ള വർഷങ്ങൾ. റാഫൂ ചക്കർ, കർസ്, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, ലൈല മജ്നൂ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദ്നി, സർഗം, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഋഷി ഒരു റൊമാന്റിക് തരംഗം സൃഷ്ടിച്ചു. സിനിമകൾ മാത്രമല്ല, അതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. കൂട്ടത്തിൽ ചാന്ദ്നിയായിരുന്ന കൂടുതൽ ഇഷ്ടപ്പെട്ടത്. ഋഷി കപൂറിന്റെ ജോഡിയായി ശ്രീദേവി എത്തിയ ചിത്രം
രണ്ടു പേരും ചേർന്ന് 'ആ മേരീ ജാൻ' എന്ന ഗാനം പ്രണയാർദ്രമാക്കി മാറ്റുകയായിരുന്നു. ഋഷി കപൂറിന്റെ സിനിമകൾക്കൊപ്പം ലക്ഷ്മികാന്ത് പ്യാരിലാലിന്റെ സംഗീതവും കൂടി ചേരുമ്പോൾ പിന്നെ വേറൊന്നും വേണ്ട!
കണ്ണീരോടെ തന്നെ ഓർക്കരുത് എന്ന് ഋഷികപൂർ കുടുംബാംഗങ്ങളോടു പറഞ്ഞതായി ടി.വി വാർത്തയിൽ കണ്ടു. നടനെ ഓർക്കുന്നത് സിനിമകളിലൂടെയാണ്. ഋഷി കപൂറിനെ ഓർക്കുന്നതും സിനിമയിലെ നല്ല മൂഹൂർത്തങ്ങളിലൂടെ തന്നെയാവും. അവിടെ ചിരിയും പ്രണയവുമൊക്കെയേ ഉള്ളൂ. അഭിമാനത്തോടെയാകണം ഋഷി ജീവിതത്തിന്റെ അവസാന നിമിഷങ്ങളും ചെലവഴിച്ചിട്ടുണ്ടാകുക. ആ പാരമ്പര്യം തുടരാൻ മകൻ രൺബീർ കപൂർ ഉണ്ട്.