ജയ്പൂർ: രാജസ്ഥാനിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേയ്ക്ക് മടക്കിയയച്ചു തുടങ്ങി. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്ന് മുതലാണ് തൊഴിലാളികളെ മദ്ധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് മടക്കി അയക്കാൻ തുടങ്ങിയത്.
റോഡുമാർഗം ബസുകളിലാണ് തൊഴിലാളികളെ അയയ്ക്കുന്നത്.
ആറ് ലക്ഷത്തിലധികം തൊഴിലാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങുന്നതിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ കൂടുതലും മദ്ധ്യപ്രദേശിൽ നിന്നുള്ളവരാണ്. ഇന്ന് രാവിലെ തന്നെ നാല്പതിനായിരത്തോളം തൊഴിലാളികൾ റോഡ് മാർഗം ബസുകളിൽ സ്വദേശത്തേയ്ക്ക് തിരിച്ചു..
, 26,000 പേരെ ഇതുവരെ മദ്ധ്യപ്രദേശ് അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. 2,000 പേരെ ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും എത്തിച്ചു. ഗുജറാത്തിന്റെ അതിർത്തിയിലേയ്ക്കും തൊഴിലാളികളെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഓൺലൈനിലൂടെയാണ് തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ ഒരുക്കിയിരുന്നത്. ആദ്യഘട്ടത്തിൽ ഷെൽട്ടർ ഹോമുകളിൽ കഴിയുന്നവരെയാണ് സ്വദേശത്തേയ്ക്ക് അയയ്ക്കുന്നത്.ചീഫ് സെക്രട്ടറിയുടെയും ഹോം സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.
പരിശോധനകൾക്ക് ശേഷം രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ നാട്ടിലേയ്ക്കു മടങ്ങാൻ അനുവദിക്കൂ എന്ന് കേന്ദ്രസർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.