ന്യൂഡൽഹി: കൊവിഡിനെതിരെ ജപ്പാനീസ് പനി മരുന്നായ ഫേവിപിരാവിർ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. കൊവിഡ് രോഗികളിൽ ഫേവിപിരാവിർ ആന്റിവൈറൽ ഗുളികകൾ ഉപയോഗിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ് കൺട്രോളർ ജനറലിൽ നിന്ന് അനുമതി ലഭിച്ചതായി മുംബയ് ആസ്ഥാനമായുള്ള ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.
ഫേവിപിരാവിറിന്റെ ഉപയോഗം 91 ശതമാനം രോഗികളുടേയും അവസ്ഥയിൽ പുരോഗതിയുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ ഇത് ഫലപ്രദമായിട്ടില്ല. മലേറിയ വിരുദ്ധ മരുന്ന് ഹെഡ്രോക്സിക്ലോറോക്വിൻ, എബോള ഡ്രഗായ റെംഡെസിവിർ, എച്ച്.ഐ.വി മരുന്നുകളായ ലോപിനാവിർ, റിറ്റോണാവീർ എന്നിവയുടെ സംയോജനം തുടങ്ങിയവയെല്ലാം കൊവിഡിനെതിരെ ഉപയോഗിക്കുന്നുണ്ട്.