cm-

തിരുവനന്തപുരം: 'ഇവർക്ക് ഒരു കാര്യവും പറഞ്ഞാൽ മനസ്സിലാവില്ലെ'ന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പോസിറ്റീവ് കേസുകളുടെ വിവരം പുറത്ത് പറയാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വരെ കാത്തിരിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം ആവർത്തിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.

പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടേയിരിക്കുന്നു.വാർത്താസമ്മേളനത്തിൽ പറയുന്നത് നാട് മുഴുവൻ അറിയാനാണ്. കാസർകോട്ട് ഒരാൾ രോഗിയായാൽ അതറിയേണ്ടവർ അറിഞ്ഞ് വേണ്ട നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുമെന്ന് അന്നേ വ്യക്തമാക്കിയതാണ്. അതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കൈയിൽ വരുന്ന കണക്കാണല്ലോ പറയുക. ആശുപത്രിയിൽ വരുന്ന കണക്ക് ഞങ്ങൾ മറച്ചുവച്ചിട്ടെന്ത് കാര്യം. റിപ്പോർട്ട് വരുമ്പോൾ രോഗിയെയും ബന്ധപ്പെട്ടയാളുകളെയും അറിയിച്ച് വേണ്ട നടപടികളെടുക്കുന്നുണ്ട്.സ്പ്രിൻക്ലർ ഇടപാടിൽ ഹൈക്കോടതി എന്താണോ പറഞ്ഞത് ,അതിനനുസരിച്ചാണ് കാര്യങ്ങൾ നടക്കുക. പോത്തൻകോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദ്യാർത്ഥികളെ സംഘടിപ്പിക്കാൻ പോയെന്ന പരാതി വന്നിട്ടില്ല.

കൊവിഡ് പ്രതിരോധത്തിൽ ഇടുക്കി ജില്ലയെ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച് ഇടുക്കി എം.പി ഇന്ന് ഉപവസിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: 'ഒന്നും പറയാനില്ല.'

ശമ്പളം മാറ്റിവയ്ക്കൽ ഓർഡിനൻസിനെതിരെ പ്രതിപക്ഷ സംഘടനകൾ കോടതിയിൽ പോയാൽ നിയമപരമായി നേരിടുന്ന കാര്യം അപ്പോൾ നോക്കാം.

മുഖ്യമന്ത്രിയും ഗവർണറും വാളെടുത്ത് യുദ്ധം ചെയ്യണോ?

ഗവർണറുമായി നല്ല ബന്ധമാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ 'ഭായിഭായി' ബന്ധമുണ്ടാകുന്നതിൽ എന്താണ് തെറ്റ്?. . ഇതിന് മുമ്പ് ഗവർണറായിരുന്ന ജസ്റ്റിസ് സദാശിവവുമായും നല്ല ബന്ധമായിരുന്നില്ലേ. അദ്ദേഹത്തിന് കഴിഞ്ഞദിവസം താൻ ജന്മദിനാശംസ നേർന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വാളെടുത്ത് യുദ്ധം ചെയ്യലാണോ വേണ്ടത്?.

സർക്കാരിന്റെ ജാഗ്രതക്കുറവ് സംസ്ഥാനത്തെ വീണ്ടും ഹോട്ട് സ്പോട്ടാക്കിയെന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ, 'അത് വി.മുരളീധരൻ പറഞ്ഞതിന്റെ തുടർച്ചയല്ലേ, അദ്ദേഹത്തിന്റെ പാട്ട് ഏറ്റുപാടാൻ നിർബന്ധിതനായാൽ ഞാനെന്ത് പറയാൻ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.