വെഞ്ഞാറമൂട്: ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിങ്ങുകൾക്ക് അവധി കൊടുത്ത് കുടുംബ വീട്ടിലെത്തിയ സുരാജ് വെഞ്ഞാറമൂടിന് ഇപ്പോൾ സമയം തികയുന്നില്ല. കൃഷി, പെയിന്റിംഗ്, കുട്ടികളുടെ കലാഭിരുചി പരിപോഷണം, വീടിനകത്ത് റെക്കോർഡിംഗ്, സന്നദ്ധ പ്രവർത്തനം ഇങ്ങനെ നീണ്ടുപോകുകയാണ് വിശേഷങ്ങൾ. തലശ്ശേരിയിലെ ഹിഗിറ്റ എന്ന സിനിമയുടെ ഷൂട്ടിന് ശേഷം മാർച്ച് 15നാണ് സുരാജ് ജന്മ നാട്ടിലെത്തിയത്. കുടുംബ വീട്ടിൽ താമസിക്കുന്ന ജ്യേഷ്ഠൻ സജിയ്ക്കൊപ്പമാണ് കുടുംബസമേതം ഇപ്പോൾ സുരാജ്.
ഏക സഹോദരി സുനിതയും കുടുംബ വിട്ടിലുണ്ട്. വീട്ടിലിരിക്കുന്ന സമയത്ത് തന്നെ കൊവിഡുമായി ബന്ധപ്പെട്ട സർക്കാരിന്റെ സന്ദേശ പരിപാടികൾ ചെയ്യുന്നുണ്ട്. മാസ്ക് എന്ന പ്രോഗ്രാമാണ് വിഷുദിനത്തിൽ റെക്കോർഡ് ചെയ്തത്. കിടപ്പുമുറിയിൽ സജ്ജമാക്കിയ സ്മാർട്ട് ഫോണുകൾ വഴിയാണ് റെക്കോർഡ് ചെയ്യുന്നത്. അനുകരണകലയിലെ വഴികാട്ടിയായിരുന്ന സഹോദരൻ സജി റെക്കോർഡിംഗിനുള്ള സഹായം ചെയ്തു കൊടുക്കും.
പൊലീസിനും ഫയർഫോഴ്സിനും ആരോഗ്യ വകുപ്പിനും പിന്തുണ നൽകുന്ന വീഡിയോ സന്ദേശങ്ങളും ഇതിനകം ഒരുക്കിക്കൊടുത്തു. കുറച്ച് സമയം കൃഷിക്ക് വേണ്ടി മാറ്റി വയ്ക്കുന്നു. അച്ഛൻ വാസുദേവൻനായർക്കൊപ്പമുള്ള ഓർമ്മകളാണ് കൃഷിക്ക് പ്രേരണയായത്.
വീടിന്റെ ഒരു ഭാഗം പെയിന്റടിക്കാനും ഇതിനിടയിൽ സമയം കണ്ടെത്തി. രാത്രിയായാൽ കുടുംബത്തിലെ ഏഴു കുട്ടികൾക്കൊപ്പം കളിയും ചിരിയുമായി കഴിയും. സുരാജിന്റെ മക്കൾക്ക് സഹോദരങ്ങളുടെ മക്കളായ വൈഷ്ണവി, വൈശാഖ്.എസ്.നായർ, അനന്ദു, അർജുൻ എന്നിവരുമൊത്ത് ഒന്നിച്ചാഘോഷിക്കാനും ഈ ലോക്ക് ഡൗൺ കാലം അവസരമൊരുക്കി. വീട്ടിൽ രുചി കൂട്ട് തയ്യാറാക്കുന്ന ജ്യേഷ്ഠത്തി സ്വപ്ന ലേഖയെ സഹായിക്കാനായി അടുക്കളയിലും കുറച്ച് സമയം സുരാജുണ്ടാകും. പതിവ് നടത്തം വീട്ടുമുറ്റത്താക്കി. വ്യായാമത്തിനും കുറവ് വരുത്തിയിട്ടില്ല.