തിരുവനന്തപുരം: ലോകം മുഴുവൻ കൊവിഡ് ഭീതിയിലാണ്ടിരിക്കേ പ്രതിരോധ ശക്തി നേടുന്നതിന് സഹായിക്കുന്ന അഞ്ച് മിനിട്ട് നീളുന്ന യോഗാപദ്ധതിയായ "സിംഹക്രിയ" സദ്ഗുരു ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു. 'സിംഹക്രിയ' പരിശീലനത്തിന് സഹായിക്കുന്ന 10 മിനിട്ടുള്ള വീഡിയോയും സദ്ഗുരു സ്ഥാപിച്ച ഇഷ ഫൗണ്ടേഷൻ പുറത്തിറക്കി. സാധാരണ യോഗ ക്രിയകൾ ചെയ്യാത്തവർക്കും ഇത് ചെയ്യാമെന്നതാണ് പ്രത്യേകത. സിംഹക്രിയ ചെയ്യാൻ സഹായിക്കാനാണ് വീഡിയോ. അതു കണ്ട് മനസിലാക്കിയശേഷമേ ചെയ്യാവൂ എന്നും വീഡിയോ കണ്ടിരിക്കേ സിംഹക്രിയ ചെയ്യരുതെന്നും സദ്ഗുരു നിർദ്ദേശിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശക്തിയോടൊപ്പം ശ്വസനശേഷിയെയും ഇത് വർദ്ധിപ്പിക്കുമെന്നു സദ്ഗുരു പറഞ്ഞു. സാധാരണ പദ്മാസനത്തിലിരുന്നു നാവ് പുറത്തേക്കു നീട്ടി 21 തവണ ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുന്നതാണ് ആദ്യഘട്ടം. അത് കഴിഞ്ഞ ഉടൻ നാവ് അകത്തേക്കു പരമാവധി ചുരുട്ടിവച്ചശേഷം 21 തവണ വീണ്ടും ശക്തിയായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യണം. പിന്നീട് വായ പൂട്ടി ഒരു മിനിട്ട് ശ്വാസമെടുക്കാതിരിക്കുക. പതുക്കെ ശ്വാസം വിടുന്നതോടെ സിംഹക്രിയ അവസാനിക്കും. കൊവിഡ് രോഗബാധിതരും രോഗമുണ്ടോ എന്നറിയാത്തവരുമായ ആളുകളോട് ഇടപെടേണ്ടി വരുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും സിംഹക്രിയ പ്രാക്ടീസ് ചെയ്യാവുന്നതാണ്. അമേരിക്കയിൽ ചില കൊവിഡ് ബാധിതരും വീഡിയോ വഴി മനസിലാക്കി സിംഹക്രിയ ചെയ്തുതുടങ്ങുകയും ആശ്വാസം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇഷ ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. വീഡിയോ ലഭിക്കുന്ന ലിങ്ക്-
https://youtu.be/lP1Y1bk1YgU