മലയിൻകീഴ് : മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആനയ്ക്ക് (വല്ലഭന്) ഡി.വൈ.എഫ്.ഐ മലയിൻകീഴ് മേഖലാ കമ്മിറ്റി രണ്ട് ലോറി പട്ട (ഒലട്ടിതോല് )നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പട്ട നൽകിയത്. മിണ്ടാപ്രാണികൾക്ക് ആഹാരം നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണിത്. മഠത്തിങ്ങൽക്കര, മേപ്പൂക്കട, അന്തിയൂർക്കോണം എന്നീ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചതാണ് ഒലട്ടിത്തോൽ. ആനത്തറിയിൽ തളച്ചിരിക്കുന്ന വല്ലഭന് പാപ്പാൻമാരുടെ സാന്നിദ്ധ്യത്തിലാണ് പട്ട നൽകിയത്. മലയിൻകീഴ് മേഖലാ കമ്മിറ്റി സെക്രട്ടറി മനു, പ്രസിഡന്റ് രാജീവ്, സി.പി.എം മലയിൻകീഴ് ബ്രാഞ്ച് സെക്രട്ടറിയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.