@ബസിൽ അയക്കണമെന്ന് കേന്ദ്രം, അപ്രായോഗികമെന്ന് കേരളം

തിരുവനന്തപുരം:കേരളത്തിലുള്ള കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് ബസിൽ അയയ്‌ക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് പ്രായോഗികമല്ലെന്നും നോൺ സ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാൻ റെയിൽവേയോട് നിർദ്ദേശിക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് 20826 ക്യാമ്പുകളിലായി 3.60ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. ഇവരിൽ മഹാഭൂരിപക്ഷവും മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ബംഗാൾ,ആസാം, ഒഡിഷ, ബീഹാർ, യു.പി സംസ്ഥാനക്കാരാണ് ഭൂരിഭാഗവും. ഇവരെ കൊണ്ടുപോകാൻ നോൺസ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ വേണമെന്ന് നേരത്തേ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതാണ്. ഇത്രയധികം പേരെ ഇത്രയും ദൂരം ബസുകളിൽ എത്തിക്കുക പ്രയാസമാണ്. രോഗം പടരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ വിഷമങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് ചീഫ്സെക്രട്ടറി ഇന്നലെ കത്തയച്ചിട്ടുണ്ട്.

തൊഴിലാളികളെ കൊണ്ടുപോകുന്നത് ശാരീരിക അകലം പാലിച്ചാവണം. ട്രെയിനിൽ റെയിൽവേയുടെ ആരോഗ്യ സംവിധാനത്തിന് അവരെ പരിശോധിക്കാം. ഭക്ഷണവും വെള്ളവും റെയിൽവേയ്‌ക്ക് ലഭ്യമാക്കാം. തൊഴിലാളികളുടെ തിരിച്ചുപോക്ക് കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതിനാൽ ഇതിന് നല്ല ക്രമീകരണം വേണം. എല്ലാവർക്കും ഒരുമിച്ച് പോകാനായെന്ന് വരില്ല. പോകാൻ താല്പര്യമുള്ളവരുടെ ധൃതിയും അതുണ്ടാക്കാനിടയുള്ള സംഘർഷവും തടയണം. അതിന് പൊലീസിന് കർശന നിർദ്ദേശം നൽകി. മറ്റ് വകുപ്പുകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായവും ഇതിനാവശ്യമാണ്.

ഈ തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി. അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമിച്ചാൽ അനുവദിക്കാനാവില്ല. അത്തരം ദൗർഭാഗ്യകരമായ നീക്കങ്ങളുണ്ടാവുന്നതിനാലാണ് പറയേണ്ടി വരുന്നത്.

റോഡുകൾ അടഞ്ഞുകിടന്നതിനാൽ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്കും മറ്റും മോട്ടോർ ബോട്ടുകളിൽ കായലിലൂടെ ആളുകളെ എത്തിക്കുന്നതായി വിവരമുണ്ട്. ഇത്തരം അനധികൃത യാത്ര അനുവദിക്കില്ല. ബന്ധപ്പെട്ടവർ ഇത് ശ്രദ്ധിക്കണം.

ഒറ്റപ്പെട്ട ചില വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിനായി ശേഖരിച്ച അരി സമൂഹ അടുക്കളയിലേക്കും മറ്റും നൽകാനാവാത്ത സ്ഥിതിയുണ്ട്. ഇത് നശിക്കുന്നത് ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണം.