covid-ward

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ രണ്ട് പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 പേർ രോഗമുക്തരാവുകയും ചെയ്തു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് രോഗ ബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത്. മലപ്പുറത്തും കാസർകോട്ടുമുള്ള ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെ ആൾ മഹാരാഷ്ട്രയിൽ നിന്നു വന്നതാണ്. കാസർകോട്ട് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗമുക്തി നേടിയ 14 പേരിൽ നാലു പേർ പാലക്കാട്ടുകാരാണ്. കൊല്ലത്ത് മൂന്നു പേരുടെയും കണ്ണൂരും കാസർകോട്ടും രണ്ടു പേരുടെ വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരുടെയും ഫലമാണ് നെഗറ്റീവായത്.

ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങി മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 1508 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 897 ഫലവും നെഗറ്റീവാണ്. സമൂഹത്തിൽ പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 3089ൽ നാല് മാത്രമാണ് പോസിറ്റീവ്.

ഇടുക്കിയിൽ കളക്ടർക്ക് തെറ്റി

കഴിഞ്ഞ ദിവസം ഇടുക്കിയിൽ മൂന്നു പേർക്ക് രോഗം ബാധിച്ചതായി കളക്ടർ അറിയിച്ചെങ്കിലും അവർക്ക് രോഗബാധയില്ലെന്ന് വ്യക്തമായെന്ന് മുഖ്യമന്ത്രി അറിയിച്ചു.

383: രോഗമുക്തി നേടിയവർ

111: ആശുപത്രികളിലുള്ളത്

95: ഇന്നലെ പ്രവേശിപ്പിച്ചത്