തിരുവനന്തപുരം: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് കേന്ദ്രതീരുമാനം കാത്ത് കേരളം. ഇതിനായി നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര പരിഗണനയിലാണ്. പ്രത്യേക ട്രെയിനുകൾ അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കി. നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മലപ്പുറത്ത് തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. കേന്ദ്രം തീരുമാനിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് തൊഴിൽ വകുപ്പ്.

ട്രെയിൻ യാത്രയിലും

നിയന്ത്രണം ബാധകം

വിവിധ സംസ്ഥാനങ്ങളിലായി 400 ട്രെയിനുകൾ ഓടിക്കാമെന്നാണ് റെയിൽവേ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. അനുമതി ലഭിച്ചാൽ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും യാത്ര.

യാത്ര എപ്പോൾ വേണം, മുൻഗണന, ട്രെയിനിലെ സാമൂഹിക അകലം, യാത്രയിൽ ആരോഗ്യ, സന്നദ്ധപ്രവർത്തകരുടെ സാന്നിദ്ധ്യം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കണം.

*യാത്രയിലെ ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങൾ തൊഴിലാളികളെ ബോദ്ധ്യപ്പെടുത്തും.

*വിവിധ സംസ്ഥാനക്കാർക്കായി അതത് ഭാഷകളിൽ ബോധവത്കരണ ക്ലാസ് നൽകും

♦ ക്യാമ്പുകളിൽ 3.61 ലക്ഷം

# തൊഴിൽ വകുപ്പിന്റെ കണക്കിൽ മൊത്തം തൊഴിലാളികൾ 5- 10 ലക്ഷം വരെ.

# ആവാസ് ഇൻഷ്വറൻസിൽ ചേർന്നത്: 5 ലക്ഷം (കടന്നു)

# സംസ്ഥാനത്തെ ക്യാമ്പുകൾ: 20,826

# ക്യാമ്പിലെ തൊഴിലാളികൾ: 3.61 ലക്ഷം

# ലോക്ക് ഡൗണിനു മുമ്പ് മടങ്ങിയവർ: 1 ലക്ഷം (കടന്നു)

തൊഴിലിനും പഠനത്തിനും മറ്റാവശ്യങ്ങൾക്കും വന്നു താമസിക്കുവരെ കൂടി കണക്കിലെടുത്താൽ അഞ്ച് ലക്ഷത്തോളം പേർ മടങ്ങിപ്പോകാനുണ്ടാകും.