നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിതനായ വ്യക്തിയുടെ അടുത്ത ബന്ധുവുമായി സമ്പർക്കമുള്ളതിനാലാണ് ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്. രോഗബാധിതരായ ഇരുവരും ചികിത്സയിലുണ്ടായിരുന്ന നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ഏഴ് ഡോക്ടർമാരും 16 നഴ്സുമാരുമടക്കം 49 പേരെ നിരീക്ഷണത്തിലാക്കി. കന്യാകുമാരി മേൽപ്പാല സ്വദേശിയായ 68കാരന്റെ 11 കുടുംബാംഗങ്ങളും അദ്ദേഹം ആദ്യം ചികിത്സ തേടിയ പാറശാല താലൂക്ക് ആശുപത്രിയിലെ 29 പേരും നിരീക്ഷണത്തിലായി. പത്താംകല്ല് സ്വദേശിയായ 48കാരന്റെ കുടുംബത്തിലെ ഏഴു പേരും ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 16 പേരും നിരീക്ഷണത്തിലുണ്ട്. ഇരുവർക്കും രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇരുവരും ഒരേസമയം സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലുണ്ടായിരുന്നു. പത്താംകല്ല് സ്വദേശി ബാലരാമപുരത്ത് പി.എസ്.സി കോച്ചിംഗ് സെന്റർ നടത്തുന്ന വ്യക്തിയാണ്. പഠനാവശ്യത്തിനായി തമിഴ്നാട്ടിൽ നിന്നെത്തിയവരിൽ നിന്നാണോ ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് സംശയമുണ്ട്. മേൽപ്പാല സ്വദേശിക്ക് തമിഴ്നാട്ടുകാരായ പരിചയക്കാരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും സഞ്ചാരവും സമ്പർക്കവുമുൾപ്പെടെയുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ച് വരികയാണ്. ഇവരുടെ അടുത്ത ബന്ധുക്കളെയും ഇടപഴകിയവരെയും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും. നെയ്യാറ്റിൻകരയിലെ കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ തമിഴ്നാട് അവരുടെ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് കർശന പരിശോധന തുടരാൻ പൊലീസിനോട് റൂറൽ എസ്.പി നിർദ്ദേശിച്ചു.

പത്താംകല്ല് സ്വദേശിയുടെ റൂട്ട് മാപ്പ്

27ന് രാവിലെ 7ന് പത്താംകല്ല് എൻ.എസ്.എസ് കരയോഗത്തിന് സമീപത്ത് നിന്ന് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഭാര്യയ്ക്കൊപ്പം ആട്ടോറിക്ഷയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ.(ആട്ടോ ഡ്രൈവറെ കണ്ടെത്താനായില്ല). അവിടുന്ന് രാവിലെ എട്ടോടെ സ്വന്തം വാഹനത്തിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക്. 28 വരെ അവിടെ ഐ.സി.യുവിൽ ചികിത്സയിൽ. കൊവിഡ് പരിശോധനാഫലം പൊസിറ്റീവായതിനെ തുടർന്ന് 29ന് ഉച്ചയ്ക്ക് 12.30ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തെ ആറാലുംമൂട് പാൽ സൊസൈറ്റിയിൽ ദിവസവും പോയിരുന്നു.

മേൽപ്പാല സ്വദേശിയുടെ റൂട്ട് മാപ്പ്

ഏപ്രിൽ 27ന് രാവിലെ 8.30ന് രോഗലക്ഷണങ്ങളോടെ മേലേപ്പാലയിൽ നിന്ന് ആട്ടോറിക്ഷയിൽ പാറശാല താലൂക്ക് ആശുപത്രിയിലേക്ക് (ആട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു). 28ന് ഉച്ചയ്ക്ക് 2.30ഓടെ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ. തുടർന്ന് 3 മണിയോടെ അതേ ആംബുലൻസിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക്. കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് 29ന് ഉച്ചയ്ക്ക് 12.30ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു