നെടുമങ്ങാട്: കോടതി കെട്ടിടത്തിന് മുന്നിൽ വക്കീൽ ഗുമസ്തന്മാർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയ സംഭവത്തിൽ അടൂർ പ്രകാശ് എം.പി അടക്കം 62 പേർക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 11ഓടെ നെടുമങ്ങാട് കോടതിക്ക് മുന്നിലായിരുന്നു സംഭവം.
ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, ബാർ അസോസിയേഷൻ മുൻ സെക്രട്ടറി ഉവൈസ്ഖാൻ, കൗൺസിലർ നൂർജി എന്നിവരടക്കം 12 പേരെയും കണ്ടാലറിയാവുന്ന 50 പേരെയും പ്രതിചേർത്താണ് കേസെടുത്തത്. ലായേഴ്സ് കോൺഗ്രസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടതിയിലെ അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷനിലെ എൺപതോളം അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയ പരിപാടിയാണ് ലോക് ഡൗൺ ചട്ടലംഘനത്തിൽ കുടുങ്ങിയത്. ചടങ്ങിൽ സംഘാടകരായി 75 പേരും കാഴ്ചക്കാരായി എൺപതോളം പേരുമാണ് കൂടിയത്. ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത് എം.പി മടങ്ങിയ ശേഷമാണ് കേസെടുത്തത്. എന്നാൽ ഇതേ സമയം ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ സ്റ്റേഷനു മുന്നിൽ സമരം നടത്തുകയായിരുന്നു. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കുടരുതെന്ന ഉത്തരവിനെ മറികടന്നതിനാലാണ് കേസെടുത്തതെന്ന് നെടുമങ്ങാട് സി.ഐ രാജേഷ് പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അടൂർപ്രകാശ് എം.പി പ്രതികരിച്ചു.