തിരുവനന്തപുരം: കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകൾ നാലിന് തുറക്കും. രാവിലെ 9 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കും. തിരക്ക് നിയന്ത്രിക്കാൻ കൺസ്യൂമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് 4ന് പണമടക്കാം. ഒന്നിൽ അവസാനിക്കുന്നവർക്ക് 5നും രണ്ടിൽ അവസാനിക്കുന്നവർക്ക് 6നും മൂന്നിന് 7നും നാലിന് 8നും അഞ്ചിന് 11നും കൗണ്ടറിൽ പണമടക്കാം. 6ൽ അവസാനിക്കുന്നവർക്കു 12നും 7ന് 13നും 8ന് 14നും 9ന് കൺസ്യൂമർ നമ്പർ അവസാനിക്കുന്നവർക്ക് 15നും പണമടക്കാം.
ഈ തീയതികളിൽ പണമടക്കാൻ സാധിക്കാത്തവർക്ക് 0,1, 2, 3, 4 അക്കങ്ങളിൽ അവസാനിക്കുന്ന കൺസ്യൂമർ നമ്പരിലുള്ളവർ 9നും (രണ്ടാം ശനിയാഴ്ച), 5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കൺസ്യൂമർ നമ്പരിലുള്ളവർ 16നും ( മൂന്നാം ശനിയാഴ്ച) അവസരം ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക് മെയ് 16വരെ പിഴയോ പലിശയോ കൂടാതെ ബില്ലടക്കാം. റസിഡന്റ്സ് അസോസിയേഷനുകൾക്ക് അംഗങ്ങളുടെ എല്ലാവരുടെയും ബില്ലുകൾ ഒന്നിച്ച് അടയ്ക്കാം.
പ്രതിമാസം 1500 രൂപയിൽ കൂടുതൽ തുക വരുന്ന വൈദ്യുതി ബിൽ ഇനി ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവർക്ക് മൂന്ന് മാസത്തേക്ക് അധികചാർജ്ജുകളുണ്ടാകില്ല. മേയ് 4നും 16നുമിടയിൽ ആദ്യമായി ഓൺലൈൻ ആയി പണമടക്കുന്ന ഉപഭോക്താവിന് ഒരു ബില്ലിന് 100 രൂപ ഇളവ് ലഭിക്കും.