raman

കൽപ്പറ്റ: 'ലോകത്തിന്റെ പേടി സ്വപ്നമാണ് കൊവിഡ് 19. എന്നാൽ വസൂരിയും മലമ്പനിയുമടക്കമുള്ളവയെ അതിജീവിച്ചവരാണ് നാം. പക്ഷേ അന്നൊന്നും ഇന്നത്തെപ്പോലെ ആനുകൂല്യങ്ങളുമായി സർക്കാർ എത്തിയിരുന്നില്ല. ഓരോ വീട്ടിലെയും സമ്പന്നമായ പത്തായങ്ങളാണ് അന്ന് വിശപ്പടക്കിയിരുന്നത്. ഇന്ന് സൗജന്യ റേഷനും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതത്തെയും ആശ്രയിച്ചാണ് നമ്മുടെ ജീവിതം. എത്രകാലം ഇങ്ങനെ പോകും?"- വയനാടിന്റെ പാരമ്പര്യ നെൽവിത്ത് സംരക്ഷൻ ചെറുവയൽ രാമന്റെ ചോദ്യമാണിത്.

രാജ്യം ലോക്ക് ഡൗണിലാണ്. ചാക്ക് കണക്കിന് അരിയും സാധനങ്ങളും വാങ്ങിക്കൂട്ടി നാട്ടുകാർ ടി.വിയും മൊബൈലും വീട്ടിലിരിപ്പാണ്. പക്ഷേ ചെറുവയൽ രാമന് വിശ്രമമമില്ല. കൊവിഡിന്റെ സുരക്ഷ പാലിച്ച് ഇൗ ജൈവ കർഷകൻ മീനമാസച്ചൂട് വകവെക്കാതെ പാടത്തും പറമ്പിലും വിയർപ്പൊഴുക്കുകയാണ്. 'പത്തായങ്ങൾ നിറഞ്ഞാൽ നമ്മുക്ക് എന്തിനെയും നേരിടാം. പണമുണ്ടായാൽ അരിയും പലവ്യജ്ജനവും കിട്ടുമോ? കർണ്ണാടകം ഒന്ന് റോഡ് അടച്ചാൽ എല്ലാം തീർന്നു. തോളിലുണ്ടായിരുന്ന തോർത്തിൽ വിയർപ്പൊപ്പി രാമൻ തുടർന്നു. മഴയില്ലാത്തതിനാൽ വയൽപ്പണി മുടങ്ങി. പക്ഷേ ചേമ്പ്, ചേന, കാച്ചിൽ, ഇഞ്ചി, കപ്പ, പച്ചക്കറി ഇങ്ങനെയുള്ള കൃഷി ചെയ്യാം. ലോക്ക് ഡൗണാണെന്ന് കരുതി വീട്ടിൽ വെറുതെ ഇരുന്നിട്ടില്ല. ഇത്രയും ദിവസവും ചെയ്ത കൃഷികൾക്കായി മരത്തിന്റെ ചോലയിറക്കി. ഒപ്പം വൈക്കോൽ വച്ച് മൂടിയും സുരക്ഷയുമൊരുക്കി. - രാമൻ തുടർന്നു.

 ഇനിയുമുണ്ട് ചിലത് പറയാൻ

നേന്ത്രവാഴ കൃഷിക്കും മറ്റും പാട്ടത്തിന് കൊടുത്ത ശേഷം വീട്ടിൽ സുഖമായി കഴിയുകയാണ് മലയാളികൾ. വീട്ടിൽ ഒരു അടുക്കള തോട്ടമുണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ വരാൻ പോകുന്നതേയുള്ളൂ. കർഷകനാണ് നാടിന്റെ നട്ടെല്ല്. അവന് സർക്കാർ ശമ്പളവും ആനുകല്യങ്ങളും നൽകണം. ഭാര്യക്ക് പ്രസവാനുകൂല്യവും കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കണം. ഇതൊക്കെ ഏർപ്പെടുത്തിയാൽ കൈമോശം വന്ന കൃഷിയിലേക്ക് എല്ലാവരും തിരിച്ച് വരും. ചെറുവയൽ രാമൻ തറപ്പിച്ച് പറഞ്ഞു. ജൈവ കൃഷിയെക്കുറിച്ച് പഠിപ്പിക്കാൻ ചെറുവയൽ രാമൻ 2018 ആഗസ്റ്റിൽ ബ്രസീലിൽ പോയിട്ടുണ്ട്. അറുപതോളം രാജ്യങ്ങൾ പങ്കെടുത്ത വേദിയിൽ രാമൻ സംസാരിച്ചു. 2018 ഒക്ടോബറിൽ ദുബായിൽ നടന്ന സെമിനാറിൽ പങ്കെടുക്കാൻ പോയ രാമന് ഹൃദയാഘാതമുണ്ടായി. ഇരുപത് ദിവസത്തോളം അവിടെ ആശുപത്രിയിലും 15 ദിവസം ഹോട്ടലിലും ചികിത്സയിലായിരുന്നു. ജൈവ കൃഷിയെ സ്നേഹിക്കുന്ന നല്ല മലയാളികളുള്ളതിനാൽ താൻ ഇന്നും ജീവിച്ചിരിക്കാൻ കാരണമെന്ന് രാമൻ പറയുന്നു. ഗീതയാണ് രാമന്റെ ഭാര്യ. മക്കൾ: രമണി, രമേശൻ, രജിത, രാജേഷ്.