പുൽപ്പളളി: കർണാടക അതിർത്തി പ്രദേശമായ പുൽപ്പള്ളി മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം.
പൊലീസും പരിശോധന കർശനമാക്കി. വാഹന പരിശോധന, ഡ്രോൺ നിരീക്ഷണം എന്നിവ ശക്തമാണ്.
പുൽപ്പള്ളി ടൗണിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാതെ നടക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന കർശനമാക്കി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങൾ എത്തുന്നത് വർദ്ധിച്ചതോടെയാണ് വാഹന പരിശോധന ടൗണിലും ഗ്രാമപ്രദേശങ്ങളിലും ശക്തമാക്കിയത്.
സർക്കാർ നിർദേശമനുസരിച്ച് സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാം.ഇതിന്റെ മറവിൽ രാപകൽ വിത്യാസമന്യേ യാതൊരു അത്യാവശ്യവുമില്ലാത്തവർ പോലും വാഹനങ്ങളിൽടൗണിൽ കറങ്ങി നടക്കുന്നത് തടയാൻ ഡ്രോൺ പരിശോധനയും നടത്തി വരുന്നു. പകൽ സമയത്ത് റോഡിന് ഇരുവശവും സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം പരിശോധന കർശനമാണ്.