മാനന്തവാടി: അര കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കാട്ടിക്കുളം വെള്ളാഞ്ചേരി മനയ്ക്കൽ മുഹമ്മദ് ഷാഫി (23), പുഴവയൽ പുതുപറമ്പിൽ പി.ആർ.അക്ഷയ് (21) എന്നിവരാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 520 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പാൽവെളിച്ചം കുറുവ ദ്വീപ് ജംഗ്ഷന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതമാണ് പിടികൂടിയത്. സീനിയർ കെ.എൽ 55 ബി 8300 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. ബാവലി ചെക്‌പോസ്റ്റിലും മറ്റും പരിശോധന കർശനമായതിനാൽ കഞ്ചാവ് കണ്ണികൾ പലരും ഇത്തരം ബദൽ പാതകളിലൂടെയാണ് കഞ്ചാവ് കടത്തുന്നത്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും, മാനന്തവാടി എസ്.ഐ അനിൽകുമാറും സംഘവും നാർക്കോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ മാനന്തവാടി സി.ഐ. അബ്ദുൾ കരീമിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സി പി ഒ മെർവിൻ ഡിക്രൂസ് , സി പി ഒ ജിനേഷ് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.