osha
വീട്ടിലിരുന്ന് വിശുദ്ധവാര തിരുകർമ്മങ്ങൾ ഓൺലൈനിൽ ശ്രവിക്കുന്ന വിശ്വാസി കുടുംബം

കൽപ്പറ്റ: കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി വലിയ ആഴ്ചയിലെ തിരുക്കർമ്മങ്ങൾ ഡിജിറ്റൽ വഴിയേ. കൊവിഡ് - 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള തിരുക്കർമ്മങ്ങളിൽ ഓൺലൈൻ മുഖേന പങ്കെടുക്കാൻ വിശ്വാസികൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. ഇതിനായി ഫേസ്ബുക്ക്, യൂട്യൂബ്, മൊബൈൽ ആപ്പ് എന്നിവയാണ് സഭാനേതൃത്വം ഉപയോഗപ്പെടുത്തുന്നത്.

ഫേസ്ബുക്ക് വഴിയോ യൂട്യൂബ് ചാനൽ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആരാധനകളിലും ചടങ്ങുകളിലും സംബന്ധിക്കണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസഫ് പൊരുന്നേടം സർക്കുലർ ഇറക്കിയിട്ടുണ്ട്.

സാധാരണ ക്രൈസ്തവ ദേവാലയങ്ങളിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്ന ദിവസമാണ് ഓശാന ഞായർ. എന്നാൽ ഇത്തവണ ദേവാലയങ്ങളിൽ ഒരിടത്തും ആളുകൾക്ക് എത്താനാവുമായിരുന്നില്ല. പകരം വീട്ടിലിരുന്ന് സഭാ ചാനലുകളിലൂടെയുള്ള പ്രത്യേക ചടങ്ങുകളിൽ വിശ്വാസികൾ പങ്കെടുക്കുകയായിരുന്നു. എട്ടു പതിറ്റാണ്ടിന്റെ ഓർമ്മയിൽ ആദ്യമായാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ ദേവാലയങ്ങളിൽ ഒഴിവാക്കുന്നതെന്ന് വെള്ളമുണ്ട സ്വദേശിനി ചങ്ങാലിക്കാവിൽ അന്നമ്മ പറഞ്ഞു.

ഓശാന ഞായറിന്റെ തിരുക്കർമ്മങ്ങൾ ബിഷപ്‌സ് ഹൗസിന്റെ ചാപ്പലിൽ ഇന്നലെ രാവിലെ 7 ന് തുടങ്ങിയിരുന്നു. രൂപതയുടെ ഫേസ്ബുക്ക് പേജിലൂടെ വിശ്വാസികൾക്ക് ഓൺലൈനായി പങ്കെടുക്കാൻ കഴിഞ്ഞു. മറ്റു ഓൺലൈൻ ലിങ്കുകൾ ഉടനെ ലഭ്യമാക്കുമെന്ന് രൂപത നേതൃത്വം. അറിയിച്ചു.

ഓൺലൈനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും മറ്റുമായി കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും ഉപയോഗിക്കാവുന്ന കർമ്മക്രമങ്ങൾ തയ്യാറാക്കിയതിന്റെ പി.ഡി.എഫ് രൂപതയിൽ നിന്ന് അയച്ചു കൊടുത്തിരുന്നു. കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും വലിയ ആഴ്ചയിൽ ഉപയോഗിക്കാവുന്ന പ്രത്യേക കർമ്മങ്ങൾ ഉൾപ്പെടുത്തിയ ആൻഡ്രോയ്ഡ് ആപ്പ് വൈകാതെ ലഭിക്കുമെന്നും രൂപത കേന്ദ്രം അറിയിച്ചു.