ele

മേപ്പാടി (വയനാട്): ചെമ്പ്ര മലയുടെ താഴ്‌വാരത്തായി കാപ്പംകൊല്ലി ആനക്കാട് സുജാത എസ്‌റ്റേറ്റിലെ കുളത്തിൽ വീണ ആനകളെ നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപ്പെടുത്തി. തീറ്റയും വെള‌ളവും തേടി ജനവാസ കേന്ദ്രത്തിലെത്തിയ കൊമ്പനും പിടിയാനയുമാണ് കുളത്തിൽ വീണത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ കാട്ടാനയുടെ തുടർച്ചയായുള്ള അലർച്ച കേട്ട് പ്രദേശവാസികൾ ഉണർന്ന് നോക്കിയപ്പോഴാണ് കാട്ടാനകൾ കുളത്തിൽ അകപ്പെട്ടത് അറിഞ്ഞത്.

തുടർന്ന്, രാവിലെ ആറുമണിയോടെ വനപാലക സംഘം സ്ഥലത്തെത്തി. 15 അടിയോളം താഴ്ചയുള്ള കുളത്തിന്റെ ഒരു വശത്ത് പടവുകൾ നിർമ്മിക്കാനായിരുന്നു അവരുടെ ശ്രമം. ഇതിനിടെ പലവട്ടം ആനകൾ അവർക്കുനേരെ ചീറിയടുത്തു. പിന്നീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളത്തിന്റെ ആഴംകൂട്ടിയാണ് ആനകളെ കരകയറ്റിയത്.

ആദ്യം കൊമ്പനും തൊട്ടുപിറകെ പിടിയാനയും കരയിലെത്തി. തുടർന്ന് തൊട്ടടുത്ത തോട്ടത്തിലേക്ക് ഒാടിപ്പോയി. ഇതോടെയാണ് നാട്ടുകാർക്കും വനപാലകർക്കും ആശ്വാസമായത്.