കൽപറ്റ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതായ തോട്ടം തൊഴിലാളികളെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. മൂർത്തി ആവശ്യപ്പെട്ടു.

ജോലിയില്ലാത്ത ദിവസങ്ങളിലെ വേതനവും തൊഴിലാളികൾക്ക് നൽകണം. സംസ്ഥാനത്തെ ഇതര മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചെങ്കിലും തോട്ടം തൊഴിലാളികളെ പരിഗണിച്ചിട്ടില്ല.

ഉപാധികളോടെ തോട്ടങ്ങൾ തുറക്കാൻ തീരുമാനിച്ചപ്പോൾ പാടികളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് മാത്രം തൊഴിൽ നൽകിയാൽ മതിയെന്ന നിബന്ധന പ്രയാസമുണ്ടാക്കിയിട്ടുണ്ട്. 35 ശതമാനം തൊഴിലാളികൾ മാത്രമെ പാടികളിൽ താമസിക്കുന്നുള്ളു. ബാക്കി തൊഴിലാളികൾ വീടുകളിൽ നിന്ന് തൊഴിലിലെത്തുന്നവരാണ്. എല്ലാ തൊഴിലാളികൾക്കും തൊഴിലെടുക്കാനുള്ള സാഹചര്യമുണ്ടാക്കണം.