മാനന്തവാടി: കൊവിഡ് ബാധയെ തുടർന്ന് രാജ്യം ലോക്ക് ഡൗണായതോടെ കേരളത്തിലെ തെയ്യം തിറകലാകാരന്മാരും പ്രതിസന്ധിയിലായി. ഉത്സവകാലത്ത് തെയ്യംതിറ കെട്ടിയാടിയും വാദ്യമേളങ്ങളും ചമയങ്ങളും ഒരുക്കിയും ഉപജീവനം നടത്തുന്ന ഒട്ടനവധി കുടുംബങ്ങളാണ് ഉത്തരകേരളത്തിൽ ഉള്ളത്. വയനാട് ജില്ലയിൽ തന്നെ മലയൻ സമുദായത്തിൽപ്പെട്ട എഴുപതോളം കുടുംബങ്ങൾ ഇങ്ങനെ കഴിയുന്നവരാണ്. വലിയ പ്രതിസന്ധിയിലാണ് മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്ത ഇവർ.
പലരും ബാങ്കിൽ നിന്ന് ലോൺ എടുത്താണ് സീസൺ ആകുന്നതിനു മുന്നേ ഈ വർഷത്തേക്കുള്ള
ചമയങ്ങളെല്ലാം ഒരുക്കിവെച്ചത്. ഇതോടെ വലിയ ബാധ്യതയിലായി ഓരോ കുടുംബവും. പ്രതിസന്ധിയിലായ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായനിധിയിൽ നിന്ന് സഹായം അനുവദിക്കണമെന്ന് ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ എം കൃഷ്ണദാസ്, വി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.