1886 ൽ ബ്രീട്ടിഷ് ഭരണകാലത്ത് നി​ർമ്മി​ച്ചത്

പുൽപ്പളളി: ചരിത്ര പ്രസിദ്ധമായ പുൽപ്പളളി പാക്കം സ്രാമ്പി നിലംപൊത്തി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് ഈ തേക്കിൻ കൊട്ടാരം തകർന്നത്.
കൊളോണിയൽ കാലത്തി​ന്റെ പ്രധാനപ്പെട്ട ഒരു സ്മാരകമാണ് പാക്കം സ്രാമ്പി.
1886 ൽ ബ്രീട്ടിഷ് ഭരണകാലത്ത് പാക്കം വനത്തിൽ പണി കഴിപ്പച്ചതാണ് സ്രാമ്പി. ബ്രിട്ടീഷ് അധികാരികളുടെ വിശ്രമത്തിനും വനം മേൽനോട്ടത്തിനും മൃഗവേട്ടയ്ക്കും വേണ്ടിയായി​രുന്നു ഇതുണ്ടാക്കിയത്.
കന്നടയിൽ നിന്നാണ് സ്രാമ്പി എന്ന വാക്ക് എത്തിയത്. ഹട്ട് (കുടിൽ) എന്നാണ് ഇതിനർത്ഥം. പൂർണ്ണമായും തേക്കിൻതടിയിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു താമസ സൗകര്യമൊരുക്കിയിരുന്നത്. മുകളിലേക്ക് പടികളും പണിതിട്ടുണ്ട് 19ാം നൂറ്റാണ്ടിൽ നി​ർമ്മി​ച്ച ഇവിടെ വൈസ്രായിമാരും, പ്രഭുക്കന്മാരും താമസിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് വനപാലകർക്കായുള്ള പാർപ്പിടവുമായിരുന്നു സ്രാമ്പി. വന്യജീവികളെയും കൊടുംതണുപ്പിനെയും അതിജീവിക്കാൻ കഴിയുന്ന നിർമ്മിതിയാണ് ഇതിന്റേത്. ഏത് കൊടുംകാറ്റിനേയും ചെറുത്തുനിൽക്കാനുള്ള കരുത്ത് ഇതിനുണ്ടായിരുന്നു. മരപ്പലകകൾ നിരത്തി രണ്ട് നിലകളിൽ നിർമ്മിച്ച ഈ സ്രാമ്പിയിൽ അടുക്കളയും കുളിമുറിയും വരെ സജ്ജമായിരുന്നു. അനവധി തേക്ക് കാലുകളാണ് ഉയർന്ന മേൽകൂരയിൽ ഓട് വിരിച്ച ഈ സ്രാമ്പിയെ താങ്ങി നിർത്തുന്നത്. കാട്ടാനയും മറ്റും കുത്തിയാൽ പോലും ഇളക്കം തട്ടാത്ത ഈ വിശ്രമ സങ്കേതങ്ങളുടെ നിർമ്മിതി വിസ്മയകരമായിരുന്നു.
ബ്രിട്ടീഷുകാർ ഇത്തരത്തിൽ വയനാടിന്റെ പല ഭാഗങ്ങളിലും വനത്തിൽ കെട്ടിടങ്ങൾ ഉണ്ടാക്കിയിരുന്നു. മുത്തങ്ങ, തോൽപ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലും സ്രാമ്പികൾ ഉണ്ട്. എന്നാൽ വയനാട്ടിലെ സ്രാമ്പികളിൽ ഏറ്റവും വലുതാണ് പാക്കത്തേത്.
പാക്കം സ്രാമ്പി അതേ മാതൃകയിൽ പുനർനിർമ്മി​ക്കാൻ വനം വകുപ്പി​ന് പദ്ധതിയുണ്ട്. തകർന്ന വീണ സ്രാമ്പിയുടെ അവശിഷ്ടങ്ങൾ നശിച്ച് പോവാത്ത രീതിയിൽ സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കും.