മാനന്തവാടി: ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ അഗതികൾ, എസ് ടി വിഭാഗക്കാർ, കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുള്ളവർ എന്നിവർക്കും കോവിഡ് ആശുപത്രിയിലെ ജീവനക്കാർക്കും ഉൾപ്പെടെ 500ലധികം പേർക്ക് നാലു നേരവും കൃത്യമായി ഭക്ഷണം എത്തിക്കുകയാണ് മാനന്തവാടി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ.
നഗരസഭയുടെ തനത് ഫണ്ട്, പദ്ധതിവിഹിതം, ദുരന്തനിവാരണ അതോറിറ്റി അനുവദിക്കുന്ന ഫണ്ട്,വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനകൾ എന്നിവ ഉപയോഗിച്ചാണ് ആവശ്യമായ വിഭവങ്ങൾ ശേഖരിക്കുന്നത്. മാനന്തവാടി എം.എൽ.എ ഒ.ആർ.കേളു, ജില്ലാ കളക്ടർ അദീല അബ്ദുള്ള എന്നിവർ കിച്ചണിൽ നിന്ന് ഭക്ഷണം കഴിച്ച് സംതൃപ്തി അറിയിച്ചു.
നഗരസഭാ ചെയർമാൻ അദ്ധ്യക്ഷനായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയാണ് സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ, ഡയാന സ്‌പോർട്‌സ് ക്ലബ്ബ്, എ.കെ.ജി.സി.ടി.എ, സർവ്വീസ് പെൻഷൻ അസോസിയേഷൻ, കെ.എസ്.ടി.എ, തണൽ മാനന്തവാടി, ഡബ്ല്യു.എം.ഒ ബാഫഖി ഹോം, വെങ്ങാലിക്കുന്നേൽ ഭഗവതീക്ഷേത്രം എന്നിവ സഹായങ്ങൾ എത്തിച്ചു. കുടുംബശ്രീ യൂണിറ്റുകളും ഭക്ഷണം സ്‌പോൺസർ ചെയ്തു.
രാഹുൽഗാന്ധി എം പി 5 ക്വിന്റൽ അരിയും 50 കിലോഗ്രാം പരിപ്പും കടലയും എത്തിച്ചു. വ്യക്തികളും സഹായങ്ങൾ നൽകി.
മാനന്തവാടി ഗവ. യു.പി സ്‌കൂളിലാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്.
സ്‌കൂളിലെ പാചകതൊഴിലാളി ഷീബയും കുടുംബശ്രീ അംഗങ്ങളായ മോളി ദിലീപ്,അസ്മാബി സിറാജ് എന്നിവരും നഗരസഭാ ജീവനക്കാരായ ജമാലുദ്ദീൻ, സെഫിയ,റുഖിയ എന്നിവരും പാചകത്തിന് നേതൃത്വം നൽകുന്നു.