munnar

കൽപ്പറ്റ: വയനാട്ടിലെ തേയില മണമുള്ള കാറ്റും പറയും പട്ടിണിയിലായ തോട്ടം തൊഴിലാളികളുടെ ജീവിതം. കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ മേഖലയിലെ 50 ശതമാനം തൊഴിലാളികൾക്കേ ജോലിയുള്ളൂ. അതും ആഴ്‌ചയിൽ മൂന്നെണ്ണം. സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കിട്ടാക്കനിയുമായി. റേഷൻ കടവഴി അനുവദിച്ച 15 കിലോ അരി മാത്രമാണ് ആകെയുള്ള പിടിവള്ളി. പക്ഷേ അരികൊണ്ടു മാത്രം എങ്ങനെ പ്രശ്നങ്ങൾ തീരുമെന്നാണ് ജില്ലയിലെ ആറായിരത്തോളം തോട്ടം തൊഴിലാളികളുടെ ചോദ്യം. മാർച്ച് 25 മുതൽ ഇവർക്ക് ശമ്പളവുമില്ല.

കൊവിഡ് കാരണം നേരത്തെ തോട്ടങ്ങൾ പൂർണമായും അടച്ചിരുന്നു. എന്നാൽ തൊഴിലാളികൾ പട്ടിണിയിലായതോടെ എസ്റ്റേറ്റ് ലൈനിൽ താമസിക്കുന്ന അമ്പത് ശതമാനം പേർക്ക് ജോലി നൽകാമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എന്നാൽ ഇടുക്കി പോലുള്ള വൻകിട തോട്ടം മേഖകളിൽ മാത്രമാണ് ഭൂരിപക്ഷം തൊഴിലാളികളും പാടികളിൽ താമസിക്കുന്നത്. വയനാട്ടിൽ 35 ശതമാനം തൊഴിലാളികൾ മാത്രമേ എസ്റ്റേറ്റിലെ പാടികളിലുള്ളൂ. 65 ശതമാനം പേരും വാടക വീടുകളിലും മറ്റുമായി പുറത്താണ്.

അതിനിടെ തൊഴിലാളി നേതാക്കൾ ഇടപെട്ടതോടെ വയനാട്ടിലെ അൻപത് ശതമാനം തൊഴിലാളികൾക്ക് ജോലി നൽകാൻ തീരുമാനിച്ചു. എന്നാൽ ആ തീരുമാനവും ഫലിക്കാത്ത അവസ്ഥയാണ്.

കൊവിഡ് വ്യാപനം തടയാൻ കേരളത്തെ നാലു മേഖലകളായി തിരിച്ചപ്പോൾ വയനാട് മൂന്നാമത്തെ സോണിലാണ്. തിങ്കളാഴ്ചയോടെ തോട്ടം മേഖലയുടെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തൊഴിലാളികൾക്ക് മുഴുപ്പട്ടിണിയിലാകും. നിലവിൽ വയനാട്ടിലെ പല എസ്റ്റേറ്റുകളും നാഥനില്ലാക്കളരിയാണ്. ജോലി ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് കൂലിയില്ല. 301 തൊഴിലാളികളുള്ള കുറിച്യർമല എസ്റ്റേറ്റ് പൂട്ടിയത് പോലെയാണ്. ചെമ്പ്ര എസ്റ്റേറ്റിൽ ജോലിയുണ്ടെങ്കിലും കൂലിയില്ല. കൽപ്പറ്റക്ക് സമീപമുള്ള പുൽപ്പാറ, പെരുന്തട്ട എസ്റ്റേറ്റുകളിൽ ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞാണ് പാഥൂർ പ്ളാന്റെഷൻ തൊഴിലാളികൾക്ക് ശമ്പളം നിഷേധിക്കുന്നത്. എസ്റ്റേറ്റ് പാടികൾ ഏത് നിമിഷവും ഇടിഞ്ഞ് വീഴാമെന്ന അവസ്ഥയിലുമാണ്. തങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

വയനാട്ടിലെ തോട്ടം മേഖല

 ജില്ലയിലെ തോട്ടം തൊഴിലാളികൾ - 6000

 ജോലിയുള്ളത് 50 ശതമാനം തൊഴിലാളികൾക്ക് മാത്രം

 തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കിട്ടിയില്ല

 മാർച്ച് 25 മുതൽ ഇവർക്ക് ശമ്പളം കിട്ടുന്നില്ല

 301 തൊഴിലാളികളുള്ള കുറിച്യർമല എസ്റ്റേറ്റ് പൂട്ടി

 ചെമ്പ്ര, പുൽപ്പാറ, പെരുന്തട്ട എസ്റ്റേറ്റുകളിൽ ശമ്പളമില്ല

 വയനാട്ടിലെ പല എസ്റ്റേറ്റുകളും നാഥനില്ലാ കളരി

തോട്ടം തൊഴിലാളികളെ കൂലിയും ജോലിയും നൽകി സംരക്ഷിക്കണം. കൊറോണയുടെ പേരിൽ മൂന്നാം സോണിൽ കി‌ടക്കുന്ന വയനാട്ടിലെ തോട്ടം തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി തിരുത്തണം.

- പി.കെ. മൂർത്തി,​ കേരള പ്ളാന്റേഷൻ വർക്കേഴ്സ്

ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്

'കൊറോണയുടെ പേരിൽ ശതമാനം കണക്ക് പറഞ്ഞ് തോട്ടം തൊഴിലാളികളെ പട്ടിണിക്കിട്ട് കൊല്ലരുത്. ഇവരെ മനുഷ്യരായി കാണണം".

- പി.കെ. അനിൽകുമാർ,​ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി