n

സുൽത്താൻ ബത്തേരി: തമിഴ്‌നാട്ടിലെ നിലഗിരി ജില്ലയിൽ കൊവിഡ് - 19 വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിലെ പരിശോധന കർശനമാക്കി. നിയമം ലംഘിച്ച് അതിർത്തി കടന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാന ചെക്ക് പോസ്റ്റുകളിൽ പരിശോധന കടുപ്പിച്ചതോടെ അതിർത്തി കടക്കാൻ ഊടുവഴികളിലൂടെയാണ് ആളുകളുടെ വരവ്.
നീലഗിരി ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് നീളുന്ന പ്രധാന പാതകളായ പാട്ടവയൽ, കോട്ടൂർ, താളൂർ, വടുവൻചാൽ എന്നിവിടങ്ങളിലെല്ലാം കർശന നിയന്ത്രണമാണിപ്പോൾ. ഇവിടെ പൊലീസിന്റെയും റവന്യു വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന.
നിലഗിരി ജില്ലയിലെ പാട്ടവയൽ, ബിദർക്കാട്, അയ്യൻകൊല്ലി, മാങ്ങോട്, എരുമാട്, പൂളക്കുണ്ട്, വെള്ളച്ചാൽ, വെള്ളരി, പനഞ്ചിറ തുടങ്ങിയ അതിർത്തിപ്രദേശങ്ങളിലുള്ളവരെല്ലാം വയനാട്ടിലെ ജില്ലയിലെ ചെറുപട്ടണങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. ചികിത്സയ്ക്കായി ഈ മേഖലയിലുള്ളവർ എത്തുന്നത് സുൽത്താൻ ബത്തേരിയിലും മേപ്പാടിയിലുമാണ്.
ഗൂഡല്ലൂരിൽ നിന്ന് ബിദർക്കാട് കൊട്ടാട് വഴി നമ്പ്യാർകുന്നിലെത്താൻ കുറുക്കുവഴിയുണ്ട്. അയ്യൻകൊല്ലി, പൂളക്കുണ്ട് വഴിയും വെള്ളച്ചാൽ, കൊഴുവണ, താഴത്തൂർ വഴിയും ചീരാലിലെത്താനാവും. കക്കുണ്ടി അഞ്ചാം മൈൽ വഴി ചുള്ളിയോടിലെത്താനും കോട്ടൂർ വഴി വടുവൻചാലിലെത്താനും ഊടുവഴികളുണ്ട്. ഇവിടെയെല്ലാം ഒരേ സമയം പരിശോധന നടത്തുക എളുപ്പമെല്ലെങ്കിലും ആളുകളെ പരമാവധി ബോധവത്കരിക്കാനും നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുമാണ് അധികൃതരുടെ നീക്കം
അതിനിടെ, നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്നിനടുത്ത് മാങ്ങച്ചാലിൽ അമ്പതോളം കുടുംബങ്ങൾ അതിർത്തി അടച്ചതോടെ ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയിലായി. തമിഴ്‌നാട് അതിർത്തിയിലുള്ള പാത വഴി വേണം ഇവർക്ക് സഞ്ചരിക്കാൻ. ഇവരുടെ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടുന്നുണ്ട്.