check-post

മാനന്തവാടി: കൈക്കൂലി നൽകാത്തതിന് ലോറി ഡ്രൈവർക്ക് ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ മർദ്ദനമേറ്റതായി പരാതി. മൈസൂരിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറിയിലെ ഡ്രൈവർ പേരാവൂർ സ്വദേശി മെൽബിനാണ് കാട്ടിക്കുളം ആർ.ടി.ഒ ചെക്‌പോസ്റ്റ് അസി. എം.വി.ഐ ഷെല്ലിക്കെതിരെ പരാതിയുന്നയിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ചെക്പോസ്റ്റിലെത്തിയ തന്നോട് മാമൂൽ ആവശ്യപ്പെടുകയും പണം നൽകാൻ കൂട്ടാക്കാത്ത തന്നെ ക്രൂരമായി മർദിച്ചതായുമാണ് പരാതി. മെൽബിൻ പേരാവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ മെൽബിന്റെ ആരോപണങ്ങൾ ഉദ്യോഗസ്ഥൻ നിഷേധിച്ചു. മെൽബിൻ തന്നോടാണ് പണമാവശ്യപ്പെട്ടതെന്നും നൽകാൻ കൂട്ടാക്കാത്തതിന് തനിക്കെതിരെ പരാതിനൽകുമെന്ന് പറയുകയും, അസഭ്യംപറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുനെല്ലി പൊലീസിൽ പരാതി നൽകിയതായും ഷെല്ലി പറഞ്ഞു.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കണ്ണൂർ കളക്ടറുടെ അനുമതിയോടെയാണ് ഏപ്രിൽ 14ന് മൈസൂരിലേക്ക് ചരക്കെടുക്കാനായി മെൽബിൻ പോയത്. കഴിഞ്ഞ രാത്രി തിരികെ വരുമ്പോഴാണ് കാട്ടിക്കുളം ചെക്‌പോസ്റ്റിൽവെച്ച് ദുരനുഭവം ഉണ്ടായത്. മർദ്ദനത്തെ തുടർന്ന് സമീപത്തെ പൊലീസ് എയിഡ് പോസ്റ്റിലേക്ക് ഓടികയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന തിരുനെല്ലി പൊലീസ് ഇൻസ്‌പെക്ടറോട് കാര്യം പറഞ്ഞു. അതേസമയംതന്നെ തന്നെ മർദ്ദിച്ച ഉദ്യോഗസ്ഥനും സ്‌റ്റേഷനിലെത്തിയതായും മെൽബിൻ വ്യക്തമാക്കി.

ഇരുവരോടും സംസാരിച്ച സി.ഐ പരാതിയുണ്ടെങ്കിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. ലോറിയിലെ ചരക്ക് വേഗം തളിപ്പറമ്പ് എത്തിക്കേണ്ടതിനാൽ താൻ പരാതി നൽകാതെ പോകുകയായിരുന്നു. എന്നാൽ പേരാവൂരെത്തും മുമ്പ് കഴുത്തിനും കണ്ണിനും അസഹ്യമായവേദന വന്നതിനാൽ പേരാവൂർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനിടയിൽ മെൽബിൻ ആശുപത്രി പരിസരത്ത് വെച്ച് തനിക്കുണ്ടായ അനുഭവം ഫെയ്‌സ് ബുക്കിൽ ലൈവായി വിവരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

ഇരുവരും ഇന്നലെ എയ്ഡ് പോസ്റ്റിൽ വന്നിരുന്നതായും, പരാതിയുണ്ടെങ്കിൽ എഴുതി നൽകാൻ പറഞ്ഞതായും തിരുനെല്ലി സി.ഐ രഞ്ജിത്ത് രവീന്ദ്രൻ വ്യക്തമാക്കി. ഇരുവരും മടങ്ങിയെങ്കിലും എ.എം.വി.ഐ ഷെല്ലി രാത്രിതന്നെ വന്ന് പരാതി മെൽബിനെതിരെ നൽകുകയായിരുന്നു.

മെൽബിന്റെ ഫെയ്‌സ് ബുക്ക് ലൈവിനെ തുടർന്ന് കമന്റ് ബോക്‌സിൽ മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.