nendra
കൃഷി വകുപ്പ് നേരിട്ട് കർഷകരിൽ നിന്ന് നേന്ത്രക്കായ സംഭരിച്ചുതുടങ്ങിയപ്പോൾ

 ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നിരക്ക് ഇരട്ടിയായി

 ഒരിടത്തു നിന്ന് മാത്രം സംഭരിച്ചത് 30 ടൺ

കൽപ്പറ്റ: മൊത്തക്കച്ചവടക്കാർ വാഴക്കുല എടുക്കാതായതോടെ കൃഷി വകുപ്പ് നേരിട്ട് സംഭരണം തുടങ്ങിയപ്പോൾ പൊതുവിപണയിലെ നിരക്കിൽ പ്രകടമായ മാറ്റം. ഒറ്റ ദിവസം കൊണ്ട് നേന്ത്രക്കായയ്ക്ക് കിലോവിന് ആറ് രൂപയാണ് ഉയർന്നത്.

ഒരാഴ്ച മുമ്പ് വരെ വയനാട്ടിൽ 13 രൂപയായിരുന്നു ഒരു കിലോ കായയ്ക്ക് വില. കൃഷി വകുപ്പ് വിപണിയിൽ ഇടപെട്ടതോടെ ഹോർട്ടി കോർപ്പ് 19 രൂപയ് ക്ക് വാഴക്കുല സംഭരിച്ചു തുടങ്ങിയിരുന്നു. പിറ്റേന്നു മുതൽ പൊതുവിപണിയിൽ 20 രൂപയ്ക്ക് കച്ചവടക്കാർ എടുക്കാൻ തയ്യാറായി. ഇന്നലെ വരെ വില കൂടാതെ നിന്നപ്പോൾ കൃഷി വകുപ്പിന്റെ ഇടപെടൽ വീണ്ടുമുണ്ടായി. കർഷകരെ സംഘടിപ്പിച്ച് വാഴക്കുല മൊത്തമായി വിൽക്കുന്നതിന് പൊതുവിപണിയിലെ കച്ചവടക്കാരുമായി ഉദ്യോഗസ്ഥർ വിലപേശി. തുടർന്ന് ഞായറാഴ്ച 23 രൂപയ്ക്ക് കർഷകരിൽ നിന്ന് വാഴക്കുലയെടുക്കാനും തവിഞ്ഞാൽ പഞ്ചായത്തിലെ ഇക്കോ ഷോപ്പ് മുഖേന സംഭരിക്കാനും ധാരണയായി.

ഇതറിഞ്ഞ് മറ്റു കച്ചവടക്കാർ വീണ്ടും വില കൂട്ടി കൃഷി വകുപ്പിന്റെ തന്ത്രം പൊളിക്കാനായി നീക്കം നടത്തിയെങ്കിലും ഏശിയില്ല. ഉദ്യോഗസ്ഥസംഘം പിന്നെയും വില പേശിയതോടെ നിരക്ക് 26 രൂപയിലെത്തിക്കാൻ കഴിഞ്ഞു, പേര്യയിൽ നിന്നു ഈ വിലയ്ക്കാണ് പിന്നീട് വാഴക്കുല എടുത്തത്. 30 ടൺ വാഴക്കുല ഒരു പ്രദേശത്ത് നിന്ന് മാത്രം കൃഷി വകുപ്പ് മുഖേന വിപണനം നടത്താനായി.

ഇടവകയിലും മാനന്തവാടിയിലും ഇതേ രീതിയിൽ സംഭരിക്കാൻ കൃഷി വകുപ്പ് നീക്കം നടത്തിയെങ്കിലും മൊത്തക്കച്ചവടക്കാർ ഇടങ്കോലിട്ട് അത് പൊളിക്കുകയായിരുന്നു. പൊതുവിപണിയിൽ വില കൂടുന്നതു വരെ സംഭരണം തുടരുമെന്ന് കൃഷി വകുപ്പ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശന്ത്രി, അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ് ) അജയ് അലക്‌സ് എന്നിവർ പറഞ്ഞു.

വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നും കൃഷി ഓഫീസർ മാരുടെ നേതൃത്വത്തിൽ കർഷകരെ സംഘടിപ്പിച്ച് മൊത്തക്കച്ചവടത്തിലൂടെ വില പേശാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. വയനാട് ജില്ലയിൽ 8700 ഹെക്ടർ സ്ഥലത്ത് മൂന്ന് മാസത്തെ ഈ സീസണിൽ നേന്ത്രവാഴ കൃഷിയുണ്ട്. ഒരു ഹെക്ടറിൽ 2500 വാഴയെങ്കിലും കൃഷി ചെയ്യുന്നുണ്ട്.

വയനാട്ടിൽ രണ്ട് ലക്ഷം ടണ്ണിന് മുകളിലായിരിക്കും ഈ വർഷത്തെ ഉത്പാദനം. ജില്ലയിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ യൂണിറ്റുകൾ ഇല്ലാത്തതിനാലും ആഭ്യന്തര ഉപഭോഗം കുറവായതിനാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരെ വാഴക്കുല കയറ്റി പോകാറുണ്ട്. ഇത്തവണ ലോക്ക് ഡൗണിനെ തുടർന്ന് വാഴക്കുല പുറത്തേക്ക് കൊണ്ടുപോകാനാവാത്തതാണ് വില ഇടിയാൻ കാരണമായത്.