കൽപ്പറ്റ: കൊവിഡ് 19 വ്യാപനം ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞ ജില്ലയിൽ മഴക്കാല രോഗങ്ങളെ കൂടി പ്രതിരോധിക്കാൻ ജനകീയയജ്ഞം. ജില്ലയിലെങ്ങും മഴക്കാലപൂർവ ശുചീകരണത്തിനും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ തുടക്കമായി.

കൊവിഡ് -19 പ്രതിരോധ മാനദണ്ഡങ്ങൾ മറികടക്കാതെയാണ് പ്രവർത്തനങ്ങൾ. ആറ് ദിവസം നീളുന്ന ശുചീകരണ യജ്ഞത്തിന്റെ തുടക്കത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ കഴുകി വൃത്തിയാക്കുകയായിരുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന ആശുപത്രി കെട്ടിടങ്ങളും പരിസരവും ശുചീകരിച്ചത് ജനപ്രതിനിധികളുടെയും ഹരിതകർമ്മ സേനകളുടെയും നേതൃത്വത്തിലാണ്.

കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് സി.കെ.ശശീന്ദ്രൻ എം.എൽ.എ തുടക്കം കുറിച്ചു. നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.രാധാകൃഷ്ണൻ, ബിന്ദു ജോസ്, അഡ്വ.ടി.ജെ ഐസക്, അജിത, കൺസിലർമാരായ വി.ഹാരിസ്, ടി.മണി, പി.പി ആലി, സെക്രട്ടറി പി.ടി. ദേവദാസ് തുടങ്ങിയവരും പങ്കാളികളായി. നാൽപതോളം നഗരസഭ ഹരിതകർമ്മ സേനാംഗങ്ങളും ആശുപത്രി ജീവനക്കാരും ശുചീകരണയജ്ഞത്തിനുണ്ടായിരുന്നു.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.