കൽപ്പറ്റ: മേപ്പാടി കുന്നമ്പറ്റയിൽ കേഴമാനിനെ വേട്ടയാടുന്നതിനിടെ നായാട്ട് സംഘത്തിലെ രണ്ടുപേർ വനംവകുപ്പിന്റെ പിടിയിലായി. ആറു പേർ ഓടിരക്ഷപ്പെട്ടു. പുത്തൂർവയൽ മണൽകുനി സുഭാഷ്, കൽപ്പറ്റ നെടുങ്ങോട് മാണിക്കോത്ത് കുനിയിൽ പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കുന്നമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റിൽ മൃഗവേട്ട നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് വേട്ട സംഘത്തെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി വനംവകുപ്പ് ഈ പ്രദേശത്ത് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. നാലു വാഹനങ്ങളിലായി എട്ടുപേർ രാത്രിയിൽ തോട്ടത്തിലേക്ക് പ്രവേശിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്നു. ഇതിനിടയിലാണ് ഇവർ കേഴമാനിനെ വേട്ടയാടിയത്. രണ്ടുപേർ പിടിയിലായി . ഇതിനിടയിൽ ബാക്കിയുള്ള ആറു പേർ ഓടിരക്ഷപ്പെട്ടു. വെടി വയ്ക്കാൻ ഉപയോഗിച്ച് തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മറ്റു പ്രതികൾ വന്ന ഇരുചക്ര വാഹനങ്ങൾ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്.
മേപ്പാടി റേഞ്ച് ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേട്ട സംഘത്തെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതികളെ പിടികൂടുന്നതിനുള്ള ഊർജിത ശ്രമം നടക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.