സുൽത്താൻ ബത്തേരി : പൊതു നിരത്തിൽ തുപ്പുന്നത് വിലക്കി നിയമം പാസാക്കിയപ്പോൾ അറിഞ്ഞവരെല്ലാം കളിയാക്കി. ഓ, ഇനി തുപ്പണമെങ്കിൽ നഗരസഭയോടും ചോദിക്കണോ !?. തീരുമാനം വന്ന് നാലുമാസമായില്ല, കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ പൊതു നിരത്തിൽ തുപ്പുന്നത് നിരോധിച്ചതോടെ പരിഹസിച്ചവരും പറഞ്ഞു തുടങ്ങി, നഗരസഭയാണ് ശരി; അഭിമാനത്തോടെ തലയുയർത്തി സുൽത്താൻ ബത്തേരി നഗരസഭയും. ജനുവരിയിലാണ് സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിൽ പൊതു നിരത്തിൽ തുപ്പുന്നത് നിരോധിക്കുന്നത്. സംസ്ഥാനത്തു തന്നെ ആദ്യത്തെ 'സംഭവ'മായിരുന്നു. നിയമം നടപ്പിലാക്കുന്നതിന് ഒരു മാസം മുമ്പെ പത്ര-ദൃശ്യ മാധ്യമങ്ങളിൽ അറിയിപ്പു നൽകി. നോട്ടീസ് വിതരണം ചെയ്തു, കവലകളിലെല്ലാം ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ ചിലരെല്ലാം നഗരസഭയുടെ ഈ തീരുമാനത്തെ കളിയാക്കുകയും പുച്ഛിക്കുകയുമായിരുന്നു. പക്ഷെ, നഗരസഭ ധീരമായി മുന്നോട്ടു പോയി. ഇതിനിടെ നിയമം ലംഘിച്ച അഞ്ചുപേർക്കെതിരെ കേസെടുത്തതോടെ സംസ്ഥാനത്താകെ ചർച്ചയായി. മുറുക്കാൻ കടക്കാർക്കും നൽകി മുന്നറിയിപ്പ്. കടയുടെ 50 മീറ്റർ ചുറ്റളവിൽ മുറുക്കി തുപ്പിയാൽ കടയുടമയ്ക്ക് പിഴയിടുമെന്ന് അറിയിച്ചു. മൂന്ന് കടകൾക്ക് പിഴ നൽകേണ്ടി വന്നു. നിയമം കർശനമായതോടെ അനുസരിക്കാമെന്നായി എല്ലാവരും. സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു നിയമം ഒരു നഗരസഭ വിജയിപ്പിച്ചതോടെ കോഴിക്കോട് കോർപ്പറേഷനും എറണാകുളവും സുൽത്താൻ ബത്തേരിയുടെ വഴിയേ വന്നു. ഇപ്പോഴിതാ രാജ്യവും.