മാനന്തവാടി: ജീവകാരുണ്യത്തിന്റെ ആ സൗമ്യമുഖം ഇനിയില്ല. പ്രവാസി വ്യവസായിയും വയനാടിനും രാജ്യാന്തര തലത്തിലും പ്രമുഖനായ ജോയി അറയ്ക്കലിന്റെ ആകസ്മിക നിര്യാണം വയനാടിനെ ദു:ഖ സാന്ദ്രമാക്കി.

ഇല്ലായ്മയിൽ നിന്നായിരുന്നു ഓരോ ചുവട് വെപ്പും.എങ്കിലും വന്ന വഴി മറന്നില്ല.നാടിനെയും നാട്ടുകാരെയും അകമഴിഞ്ഞ് സ്നേഹിച്ചു.സഹായം അഭ്യർത്ഥിച്ച് വരുന്നവരെയൊക്കെ സഹായിച്ചു. കപ്പൽ മുതലാളി എന്ന ജോയി ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നു.

വയനാട്ടിലും പുറത്തും മാത്രമല്ല പ്രവാസി മലയാളികൾക്കും ഇദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും ചോദിക്കാതെ തന്നെ സാമ്പത്തികമായും സാധനങ്ങളായും ജോയിയുടെ വക സഹായം എത്തി.

പാവങ്ങളോടുളള കരുണയാണ് ഈശ്വരനോടുളള കടമയെന്ന് ജോയി പറയാറുണ്ടായിരുന്നു. .ഒരു വർഷം മുമ്പാണ് മാനന്തവാടി വളളിയൂർക്കാവ് റോഡിൽ അറക്കൽ പാലസ് എന്ന പേരിൽ വലിയ വീട് പണിതത്. ഇതിന്റെ ഗൃഹപ്രവേശനത്തിന് നാട്ടുകാരെയെല്ലാം ക്ഷണിക്കുകയും ചെയ്തു.

മരണവിവരം അറിഞ്ഞ് അറയ്ക്കൽ പാലസിലേക്ക് നാടൊന്നാകെ എത്തിയെങ്കിലും ലോക്ക് ഔട്ട് കാരണം സാമൂഹ്യ അകലം പാലിച്ചും പൊലീസ് നിയന്ത്രിച്ചുമാണ് വന്നവരെ വീട്ടിനകത്തേക്ക് പ്രവേശിപ്പിച്ചത്.

സമൂഹ വിവാഹം, നിർദ്ധനരായവർക്ക് വീട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കു പുറമെ ഉദയ ഫുട്‌ബോൾ അടക്കമുള്ളവയുടെ സംഘാടകനുമായിരുന്നു ജോയി. പ്രളയകാലത്ത് സ്വന്തം വീട് തന്നെ പ്രദേശവാസികൾക്കായി താമസത്തിന് നൽകി. പ്രളയ ക്യാമ്പുകളിൽ ഭക്ഷണം നൽകി. മാതാവിന്റെ ഓർമ്മയ്ക്കായി ജില്ലാ ആശുപത്രി ഡയാലസിസ് സെന്ററിന് 25 ലക്ഷത്തിലേറെ രൂപയുടെ മെഷീൻ ഉൾപ്പെടെ നൽകിയതും ജോയി അറയ്ക്കൽ തന്നെ.