കൽപ്പറ്റ : '' അവസാനമായി എന്റെ മകന്റെ മുഖമൊന്ന് കാണാൻ കഴിയുമോ? അനേകം പേരുടെ പ്രാർത്ഥന അവനുവേണ്ടിയുണ്ട്.സർക്കാർ അതിന് അവസരം ഉണ്ടാക്കി തരുമായിരിക്കും ഇല്ലേ? എന്റെ മോൻ എല്ലാവർക്കും അത്ര ഉപകാരിയായിരുന്നു... ''- കഴിഞ്ഞ ദിവസം ദുബായിൽ അന്തരിച്ച ആഗോള വ്യവസായ പ്രമുഖനും ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി എം.ഡിയുമായ മാനന്തവാടി അറയ്ക്കൽ പാലസിൽ ജോയി അറയ്ക്കലിന്റെ (കപ്പൽ ജോയി - 52) പിതാവ് അറയ്ക്കൽ ഉലഹന്നാന്റെ വാക്കുകളാണിത്.
ജോയിയുടെ മരണവാർത്ത അറിഞ്ഞ് മാനന്തവാടി വളളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസിലേക്ക് നാട്ടുകാർ പ്രവാഹിക്കുകയാണ്. എന്നാൽ ക്വാറന്റൈൻ നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ അഞ്ചിൽ താഴെ ആളുകളെ മാത്രമാണ് കടത്തി വിടുന്നുള്ളൂ. മൃതദേഹം അവസാനമായൊന്ന് കാണാൻ അവർക്കും ആഗ്രഹമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ട് വരാൻ ബുദ്ധിമുട്ടുണ്ട്. ആ പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് ആയിരങ്ങൾക്ക് ആശയും ആശ്രയവുമായിരുന്ന ജോയിയെ ഇൗ മണ്ണിൽ തന്നെ അടക്കം ചെയ്യാൻ കഴിയുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.