പുൽപ്പള്ളി: വേനൽ മഴ ശക്തമായി ലഭിക്കാൻ തുടങ്ങിയതോടെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ്. ഗ്രാമപ്രദേശങ്ങളിലെല്ലാം കൃഷിയിടങ്ങളിൽ കാർഷിക ജോലികൾ സജീവമായി.

കപ്പ, ഇഞ്ചി, ചേന, കാച്ചിൽ, മഞ്ഞൾ,വാഴ, പച്ചക്കറികൾ എന്നിവയെല്ലാം നടുന്നതിന്റെ തിരക്കിലാണ് കർഷകർ.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ എല്ലാ ഭാഗത്തും മികച്ച രീതിയിൽ മഴ ലഭിച്ചിരുന്നു. വളക്കടകളും മറ്റും തുറന്നതോടെ കാർഷിക ജോലികളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. മുൻ വർഷത്തെ അപേക്ഷിച്ച് കൃഷികാര്യങ്ങളിൽ ആളുകൾ ഇത്തവണ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.

കൃഷിമേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. അതുകൊണ്ട്തന്നെ വീടുകളിലുള്ളവർ തന്നെയാണ് കൂടുതലും കൃഷികാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്. വിലത്തകർച്ചയും രോഗകീടബാധകളും കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി കൃഷി മേഖലയിൽ നിന്ന് വിട്ടുനിന്ന പലരും കൃഷിയിൽ താൽപ്പര്യമെടുത്തു തുടങ്ങി. കൃഷി നഷ്ടമാണെന്ന് പറഞ്ഞ് അയൽ സംസ്ഥാനങ്ങളിലേക്ക് കർഷകർ ഒഴുകിയിരുന്നു. കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം ഇനിയും ലഭിക്കുമെന്ന വിശ്വാസത്തിലാണ് കർഷകർ.

ചെറിയ അളവിൽ സ്ഥലമുള്ളവർ പോലും കൃഷികാര്യങ്ങളിൽ താൽപ്പര്യമെടുക്കുകയാണ്.