മാനന്തവാടി: വയനാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കുഞ്ഞോം വനപാലകരോടൊപ്പം തൊണ്ടർനാട് പാതിരിമന്നം കല്ലിങ്ങൽ ഒറ്റുപാറ വനമേഖലകളിൽ നടത്തിയ പരിശോധനയിൽ കാട്ടുചോലക്കരികിലെ കൈതക്കാട്ടിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി ജാറിലും ജാഡിയിലും ബക്കറ്റുകളിലും കുടത്തിലുമായി സൂക്ഷിച്ചിരുന്ന 143 ലിറ്റർ വാഷ്, വാറ്റ് തട്ട്, കലമുൾപ്പെടെയുള്ള വാറ്റുപകരണങ്ങൾ കണ്ടെടുത്തു.
മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജവാറ്റ്, വ്യാജമദ്യ നിർമ്മാണം എന്നിവ തടയുന്നതിന് ജില്ലയിലുടനീളം വ്യാപക പരിശോധനകൾ നടത്തി വരുന്നതിന്റെ ഭാഗമായി വനം വകുപ്പുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.
വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ഡപ്യൂട്ടി. എക്‌സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു. പരിശോധനകൾക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജിമ്മി ജോസഫ്,എക്‌സൈസ് ഇൻസ്‌പെക്ടർ രാധാക്യഷ്ണൻ, പ്രിവ. ഓഫീസർമാരായ ബാബുരാജ്, പ്രഭാകരൻ, സതീഷ്, സി.ഇ.ഒ മാരായ അമൽ, അർജുൻ,നിഷാദ്, സനൂപ്, അനിൽ, സുരേഷ്, പ്രമോദ്, ജിതിൻ, സുധീഷ്, ഡ്രൈവർ അൻവർ, ഫോറസ്റ്റ് ബീറ്റ് ഓഫീസർ ദിവ്യശ്രീ എന്നിവർ നേതൃത്വം നൽകി.