മാനന്തവാടി: ദുബായിൽ കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി എം.ഡിയുമായ ജോയി അറയ്‌ക്കലിന്റെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തും. ഇതിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ എയർ ആംബുലൻസും ബുക്ക് ചെയ്തുകഴിഞ്ഞു.
കേന്ദ്ര ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയാണ് ഇനി വേണ്ടത്. കൂടാതെ ജോയി അറയ്‌ക്കലിന്റെ കൊവിഡ് ടെസ്റ്റ് റിസൾട്ടും ലഭിക്കാനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്ലി എന്നിവരുടെ ഇന്നലെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു.
നോമ്പുകാലമായതിനാൽ ദുബായിൽ ജീവനക്കാരുടെ കുറവുണ്ട്. അതിനാലാണ് ജോയിയുടെ കൊവിഡ് ടെസ്റ്റിന്റെ ഫലം ലഭിക്കാൻ
താമസം നേരിടുന്നത്. അതുകൂടി ലഭിച്ചാൽ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒാഫീസ് വഴി ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. കേന്ദ്ര മന്ത്രി വി. മുരളീധരനും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്.
മൃതദേഹം നാട്ടിലെത്തിയാൽ മാനന്തവാടി കണിയാരം കത്തീഡ്രൽ സെമിത്തേരിയിലാണ് അടക്കം ചെയ്യുക. രണ്ടു വർഷം മുമ്പ് മരിച്ച അമ്മ ത്രേസ്യയുടെ മൃതദേഹം ഇവിടെയാണ് അടക്കം ചെയ്തിട്ടുള്ളത്. അതേസമയം, വയനാടിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ, കെ. സുധാകരൻ എം.പി, എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ എന്നിങ്ങനെ വിവിധ രാഷ്ട്രീയ നേതാക്കൾ അറയ്ക്കൽ പാലസിലെത്തി അനുശോചനം അറിയിച്ചു.