കൽപ്പറ്റ: ''അടച്ചുറപ്പില്ലാത്ത ഷെഡ്ഡിൽ നരകിച്ചാണ് കഴിയുന്നത്. ഭക്ഷണത്തിനുള്ള വകയില്ല. അസുഖത്തിനു മരുന്ന് വാങ്ങാൻ പോലും പുറത്തിറങ്ങൻ പറ്റില്ല. പുറത്തുകണ്ടാൽ മലയാളികളാണ് കൊവിഡ് പടർത്തുന്നതെന്ന് പറഞ്ഞ് ആട്ടിപ്പായിക്കുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം. എത്രദിവസം വേണമെങ്കിലും ക്വാറന്റൈനിൽ കഴിഞ്ഞോളാം. ''-ഇത് കരകാണാക്കടലിനപ്പുറത്തുനിന്നുള്ള അഭ്യർത്ഥനയൊന്നുമല്ല.
വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടകിൽ നിന്ന് കണിയാമ്പറ്റ, നെല്ലിയമ്പം പുത്തൻപുരയിൽ പൗലോസ് (63)ആണ് ഹൃദയം നൊന്ത് പറയുന്നത്. പൗലോസിന്റെ മാത്രം ശബ്ദമല്ലിത്. കുടകിൽ ഇഞ്ചിപ്പണിക്കും മറ്റുമായി പോയി കുടുങ്ങിയ നൂറ് കണക്കിന് മലയാളികളുടെ സങ്കടമാണിത്. പലരും ഘോര വനം താണ്ടിയും കബനി നദി നീന്തിക്കടന്നും നാട്ടിലെത്തുന്നു. ചിലർ പിടിക്കപ്പെടുന്നു. എന്നാലും വേണ്ടില്ല, മരിക്കുന്നെങ്കിൽ സ്വന്തം നാട്ടിലെങ്കിലും ആകാമല്ലോ? എന്നാണ് ആശ്വാസം. പക്ഷേ, ആരോഗ്യവും ധൈര്യവും ഉള്ളവർക്കുമാത്രമേ ഇതിനൊക്കെ കഴിയു. പൗലോസ് രോഗിയാണ്. നഞ്ചൻകോഡ് താലൂക്കിലെ ഹാൻഡ്‌പോസ്റ്റിനടുത്ത് ഉമറഹള്ളി ചന്ദ്രപാടി ബസാപുരയ്ക്കടുത്തുള്ള ഇഞ്ചിപ്പാടത്താണ് കുടുങ്ങിയിരിക്കുന്നത്. ബന്ധുവിന് കർണാടകയിൽ ഇഞ്ചിക്കൃഷിയുണ്ട്. അവിടത്തെ സഹായിയാണ്. കാട്ടുപന്നി ആക്രമിച്ചപ്പോൾ ഓടിരക്ഷപ്പെടുന്നതിനിടയിൽ വീണ് കാലിന് പരിക്കേറ്റ് അവശനാണ്. നടുവേദനക്കു പുറമെ ചെവിക്ക് ബാലൻസിംഗ് പ്രശ്‌നവുമുണ്ട്. ഇടയ്ക്ക് നാട്ടിൽ വന്നാണ് മരുന്ന് വാങ്ങിയിരുന്നത്. പുറത്തിറങ്ങരുതെന്ന് ഊരുതലവനും പൊലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യസഹായം തേടാൻ പോലും മാർഗമില്ല. കടകളിൽ സാധനങ്ങൾ വാങ്ങാൻ ചെന്നാൽ മലയാളികളെ ആട്ടിയോടിക്കുകയാണ്.
നാട്ടിലെത്തിയാൽ നിരീക്ഷണത്തിൽ കഴിയാൻ തയ്യാറാണ്. നാട്ടിലെത്തിക്കാൻ വയനാട് ജില്ലാ ഭരണകൂടം മൈസൂർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നാണ് പൗലോസിനെ പോലെ ദുരിതമനുഭവിക്കുന്നവർ പറയുന്നത്. ഹെക്ടർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നവരുടെ അവസ്ഥയും ദയനീയം. ഇഞ്ചിപ്പാടം ഉപേക്ഷിച്ച് പോയാൽ മടങ്ങിയെത്തുമ്പോൾ മറ്റാരെങ്കിലും വിളവെടുക്കും. അതുകൊണ്ട് എല്ലാം സഹിച്ച് അവിടെ കഴിയുകയാണെന്ന് പുൽപ്പള്ളിയിലെ ഒരു ഇഞ്ചി കർഷകൻ പറഞ്ഞു.