കൽപ്പറ്റ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നിരിക്കെ, ശമ്പളം ക്രമീകരിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തോട് എല്ലാ ജീവനക്കാരും സഹകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
കടുത്ത പ്രതിസന്ധിയിലും സംസ്ഥാന സർക്കാർ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള ശമ്പള ക്രമീകരണത്തെ പരിഗണിക്കേണ്ടത്. സ്ഥിരവരുമാനക്കാരായ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് ഗഡുക്കളായി താത്കാലികമായി മാറ്റിവെക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കപ്പെടുന്നതോടെ ഈ തുക തിരികെ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സിവിൽ സർവീസിന്റെ നിലനില്പിനും വികസനത്തിനും വലിയ പങ്കാണ് കേരളത്തിന്റെ പൊതുസമൂഹം വഹിച്ചിട്ടുള്ളത്. നിർണായകമായ ഒട്ടേറെ ഘട്ടങ്ങളിൽ, ഈ പിന്തുണ ആവോളം ഏറ്റുവാങ്ങിയവരാണ് ജീവനക്കാർ. അതു കൊണ്ടുതന്നെ, ശമ്പളം താത്കാലികമായി മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം മുഴുവൻ ജീവനക്കാരും പൂർണ്ണമനസ്സോടെ ഏറ്റെടുക്കണമെന്ന് കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.എസ്.ദയാൽ, സെക്രട്ടറി എ.ടി.ഷൺമുഖൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.