കൽപ്പറ്റ: ലോക്ക് ഡൗൺ വന്നതോടെ തിരുവനന്തപുരത്ത് കുടുങ്ങിയ വെള്ളായണി അയ്യങ്കാളി സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർത്ഥി പടിഞ്ഞാറത്തറ പതിനാറാം മൈൽ ചെമ്പകമല കോളനിയിലെ പുലക്കുന്നേൽ ജിഷ്ണുവിനെ (14) ഫയർഫോഴ്‌സ് വീട്ടിലെത്തിച്ചു.
നീണ്ട ശ്രമത്തിനു ശേഷം ഒടുവിൽ കുടുംബത്തെത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം വീട്ടുകാർക്കും.
നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിപ്പോയ ജിഷ്ണുവിന്റെ കാര്യത്തിൽ വയനാട് കളക്ടറുടെ അഭ്യർത്ഥനയെ തുടർന്ന് കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്റെ നിർദ്ദേശമനുസരിച്ച് ടെക്‌നിക്കൽ ഡയറക്ടറും തിരുവനന്തപുരം സ്റ്റേഷൻ ഓഫീസറും ചേർന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെ കൽപ്പറ്റ അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ച കുട്ടിയെ സ്റ്റേഷൻ ഓഫീസർ കെ.എം.ജോമിയുടെ നേതൃത്വത്തിൽ വീട്ടിൽ കൊണ്ടുവിട്ടു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു.