dry-ginger

കൽപ്പറ്റ: ജില്ലാ ഭരണകൂടം ഇടപെട്ടതോടെ കുടകിൽ കുടുങ്ങിയ വയനാട്ടിൽ നിന്നുള്ള ഇഞ്ചി കർഷകർ നാട്ടിലേക്ക് തിരിച്ചെത്താൻ തുടങ്ങി. കണിയാമ്പറ്റ,​ നെല്ലിയമ്പം പുത്തൻപുരയിൽ പൗലോസ് (63), സുഹൃത്ത് കണ്ണമ്പള്ളി ജോയി (53) എന്നിവർ ഇന്നലെ നാട്ടിലെത്തി. ഇവർ ക്വാറന്റൈനിൽ കഴിയണം. വയനാട്ടിലെ ജനപ്രതിനിധികളായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു എന്നിവർ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കർഷകരെ നാട്ടിലെത്തിക്കാൻ ധാരണയായത്.

ഇഞ്ചിക്കൃഷിയ്ക്ക് പോയതിനെ തുടർന്ന് കുടകിൽ കുടുങ്ങിയ പൗലോസിന്റെയും ജോയിയുടെയും ദയനീയവാസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വയനാട്ടിൽ നിന്നും അയൽജില്ലകളിൽ നിന്നുമായി നൂറ് കണക്കിന് ആളുകളാണ് കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിലും വാഴ തോട്ടങ്ങളിലും മറ്റുമായി കൊവിഡ് പശ്ചാത്തലത്തിൽ നരകിച്ച് കഴിയുന്നത്. നാട്ടിലെത്തുന്നതിനായി കുടകിൽ കുടുങ്ങിയവരിൽ നിന്ന് ജില്ലാ ഭരണകൂടം അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഒാൺലൈനിൽ അപേക്ഷിക്കുന്നവർക്ക് നാട്ടിലെത്താൻ സൗകര്യമുണ്ട്. അതിർത്തി ജില്ലകളിൽ സമാന അവസ്ഥയിൽ കുടുങ്ങിയ കർഷകർക്കും തിരികെയെത്താൻ അപേക്ഷിക്കാം.

കുടകിൽ കുടങ്ങിയ മലയാളികളായ കർഷകർ വനം കടന്നും കബനി നദി നീന്തിയുമാണ് വയനാട്ടിലേക്കെത്തുന്നത്. ഇതൊഴിവാക്കാനാണ് ജില്ലാ ഭരണകൂ‌ടം ഇടപെട്ടത്.