മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും
മാനന്തവാടി: ദുബായിൽ കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി എം.ഡിയുമായ ജോയി അറയ്ക്കലിന്റെ മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും.
മരണവുമായി ബന്ധപ്പെട്ട് ചില സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നുണകളാണെന്ന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വ്യക്തമാക്കി. നല്ല നിലയിൽ ബിസിനസ് വളർത്തിയ ജോയി വളഞ്ഞ വഴിയിൽ ഒന്നും നേടിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ത്യയിലോ വിദേശത്തോ ഒരു കേസുപോലും ജോയിയുടെ പേരിലില്ല.
എല്ലാ നിയമങ്ങളും അനുസരിച്ച് മാത്രമാണ് ഓയിൽ ട്രേഡിംഗ് ബിസിനസ് തുടങ്ങിയത്. നുണപ്രചാരണം നടത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വേദനിപ്പിക്കരുതെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.