മാനന്തവാടി: മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം പുഴക്കടവിൽ നിന്നു 2018 ഡിസംബർ 30 ന് കണ്ടെത്തിയ തലയോട്ടി കുഞ്ഞോം കരിമ്പിൽ നെടുമ്പിലശ്ശേരി അണ്ണന്റെ മകൻ എൻ.എ വിജയന്റേതാണെന്ന് (28) ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
യുവാവിനെ 2018 ജനുവരി 19 നാണ് കാണാതായത്. വിജയന്റെ മാതാപിതാക്കളുടെ ഡി.എൻ.എ യും തലയോട്ടിയുടെ ഡി.എൻ.എ യും പരിശോധിച്ചതിന്റെ ഫലം വന്നതോടെയാണ് തലയോട്ടി വിജയന്റേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.
മാനന്തവാടി എസ്.ഡി.എം കോടതിയിൽ സൂക്ഷിച്ച തലയോട്ടി ബന്ധുക്കൾക്ക് സംസ്‌കാര ചടങ്ങിനായി വിട്ടുനൽകും. മരണകാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് തൊണ്ടർനാട് എസ്.ഐ മഹേഷ് വ്യക്തമാക്കി.
പ്രദേശവാസികളായ കുട്ടികൾ കുളിക്കുന്നതിനിടെയാണ് പുഴക്കടവിൽ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് എസ്.ഐ മഹേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഡി എൻ എ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് സാമ്പിളുകൾ അയച്ചത്. തലയോട്ടി വെള്ളമുണ്ട സ്‌റ്റേഷനിൽ 2018 ജനുവരി 21 ന് രജിസ്റ്റർ ചെയ്ത കേസിലെ വിജയന്റേതാകാമെന്ന നിഗമനത്തിൽ ഡി.എൻ.എ പരിശോധന നടത്തുകയായിരുന്നു.