കൽപ്പറ്റ: തുടർച്ചയായി രണ്ടു വർഷം വന്നുപെട്ട പ്രളയത്തിനു പിറകെ കൊവിഡിന്റെ ആഘാതം കൂടിയായപ്പോൾ വയനാടൻ ടൂറിസം മേഖലയിൽ കോടികളുടെ നഷ്ടം. ഈ വർഷത്തെ സീസണിലൂടെ കര കയറാനുളള ഒരുക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു കൊവിഡ് വ്യാപനം. ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞതോടെ ഇൗ വർഷം ജില്ലയിലെ നഷ്ടം ഏതാണ്ട് 600 കോടി രൂപ വരുമെന്ന് വയനാട് ഡി.ടി.പി.സി മെമ്പർ സെക്രട്ടറി ബി.ആനന്ദ് പറഞ്ഞു. 2018 ഫെബ്രുവരി മുതൽ മേയ് വരെയുളള കണക്ക് താരതമ്യം ചെയ്താണിത്. 2018 ഫെബ്രുവരിയെ അപേക്ഷിച്ച് അൻപത് ശതമാനം സഞ്ചാരികൾ മാത്രമാണ് ഇൗ ഫെബ്രുവരിയിൽ വയനാട്ടിൽ എത്തിയത്.
ടൂറിസം മേഖല അടഞ്ഞുപോവുന്നത് വയനാടിന്റെ നട്ടെല്ല് ഒടിയുന്നതിന് തുല്യമാണ്. പരിസ്ഥിതി സൗഹൃദ - സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധാകേന്ദ്രമായതോടെ വയനാട്ടിൽ മുതൽമുടക്കാൻ ധാരാളം ടൂറിസം സംരംഭകർ തയ്യാറാവുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ റിസോർട്ടുകളും ഹോം സ്റ്റേകളും സർവീസ്ഡ് വില്ലകളും ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും മറ്റും പുതുതായി വന്നു.
കാർഷികോത്പന്നങ്ങൾ പൊതുവെ കുറയുകയും വിളകൾക്ക് വിലയിടിവും കൂടിയായപ്പോൾ വയനാടൻ കർഷകർക്ക് ദുരിതം തന്നെയാണ്. അല്പമെങ്കിലും പിടിച്ചുനിന്നത് ടൂറിസം മേഖല മാത്രമാണ്. പ്രതിസന്ധികൾ പിന്നിട്ട് അതൊന്നു കരകയറി വരുന്നതിനിടെ ലോക്ക് ഡൗണിൽ എല്ലാം അടഞ്ഞുപോയപ്പോൾ പ്രതീക്ഷകൾ പാടെ തകരുകയായിരുന്നു.
തൊഴിലില്ലാതെ
ആയിരങ്ങൾ
ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയുമായി ആയിരങ്ങളാണ് തൊഴിൽരഹിതരായത്. റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സർവീസഡ് വില്ല, ഹോട്ടൽ നടത്തിപ്പുകാർക്കു പുറമെ ടൂറിസ്റ്റ് ബസ്, ട്രാവലർ, ടാക്സി ഉടമകൾ, തൊഴിലാളികൾ, ടൂറിസം മേഖലകളിലെ ചെറുകിട സംരംഭകർ തുടങ്ങിവരൊക്കെയും കഷ്ടത്തിലായി.
വണ്ടിക്കാരുടെ കാര്യത്തിൽ വായ്പാ തിരിച്ചടവും ഇൻഷൂറൻസ് പ്രിമീയം, റോഡ് ടാക്സ് എന്നിവയെല്ലാം ഉറക്കം കെടുത്തുന്നുണ്ട്.
വയനാട് ഏതാണ്ട് കൊവിഡ് മുക്തമായെങ്കിലും നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്നതുകൊണ്ടു തന്നെ അങ്ങേയറ്റം ജാഗ്രത പുലർത്തുന്നുണ്ട് ചെക്ക് പോസ്റ്റുകളിൽ. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ മിക്ക റിസോർട്ടുകളും ഹോം സ്റ്റേകളും അധികൃതരുടെ കസ്റ്റഡിയിലാണ്. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞാലും ഇവ വിട്ടുകൊടുക്കാൻ പിന്നെയും സമയമെടുത്തേക്കും. അതിനിടയ്ക്ക് പ്രവാസികളുടെ വരവും കൂടിയായാൽ ഇത് കൂടുതൽ നീളാനും സാദ്ധ്യതയുണ്ട്.
ഈ സീസണിലെ നഷ്ടം - 600 കോടി