കൽപ്പറ്റ: കൊവിഡ് വിമുക്ത ജില്ലയായി തലയുയർത്തിയ വയാനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ആദിവാസികൾ മരിച്ചിട്ടും സർക്കാർ മുഖം തിരിക്കുന്നതായി പരാതി. കൊവിഡിനേക്കാൾ വേഗത്തിൽ മരണം സംഭവിക്കാവുന്ന രോഗമാണ് കുരങ്ങ് പനി. ഇൗ വർഷം മാത്രം നാല് പേരാണ് മരിച്ചത്. നിരവധി പേർ ഇപ്പോഴും ചികിത്സയിലുമാണ്. ആദിവാസി മേഖലകളിലാണ് കുരങ്ങു പനി പടരുന്നത്.
മരണം നടന്ന് നാളുകൾ കഴിഞ്ഞാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്. കുരങ്ങ്പനി പ്രതിരോധിക്കാനും സാമ്പിൾ പരിശോധന വേഗത്തിലാക്കാനുമുള്ള സംവിധാനം വയനാട്ടിലില്ല. നേരത്തെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈറോളജി ലാബ് സുൽത്താൻ ബത്തേരിയിലുണ്ടായിരുന്നു. എന്നാൽ പദ്ധതി കാലാവധി കഴിഞ്ഞതോടെ പ്രവർത്തനം അവസാനിപ്പിച്ചു.
രോഗബാധിതരുടെ സാമ്പിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേ പരിശോധിക്കാവൂ. നിലവിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈറോളജി ലാബിലാണ് പരിശോധനയ്‌ക്ക് അയക്കുന്നത്. എന്നാൽ പലപ്പോഴും നാല് ആഴ്ചവരെ കഴിഞ്ഞാണ് ഫലം ലഭിക്കുന്നത്. വയനാട്ടിൽ മാത്രമായി സ്ഥിരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണമെന്നാണ് വയനാട്ടുകാരുടെ ആവശ്യം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജിയുടെ ഒരു കേന്ദ്രം വയനാട്ടിൽ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ബത്തേരി ഗവ. ആശുപത്രിയിലാണ് കുരങ്ങ് പനി ബാധിച്ചവരെ പ്രവേശിപ്പിക്കുന്നത്. അതിർത്തിയിലെ തിരുനെല്ലി പഞ്ചായത്തിലും കർണാടകയിലെ ശിവമോഗയിലുമാണ് കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്.
നാൾ വഴികൾ
കുരങ്ങ് പനി റിപ്പോർട്ട് ചെയ്‌തത്- 2013ൽ
അസുഖം പടരുന്നത് ചത്ത കുരങ്ങിന്റെ ചെള്ളിൽ നിന്ന്
അമ്പതോളം ചത്ത കുരങ്ങുകളെ ഇൗയിടെയായി വനത്തിൽ നിന്ന് കണ്ടെത്തി
ഇപ്പോൾ കുരങ്ങ് പനി സ്ഥിരീകരിച്ചത്- 24 പേർക്ക്
14 പേർ നിരീക്ഷണത്തിൽ
തിരുനെല്ലി പഞ്ചായത്തിലെ നാല് ആദിവാസി കോളനികളിൽ രോഗ ലക്ഷണം
മരണം
2015ൽ- 11
2019ൽ- രണ്ട്
2013 മുതൽ ഇതുവരെ 259 പേർ ചികിത്സ തേടി
കുരങ്ങ് പനി വ്യാപനം തടയാൻ ജില്ലയിലെ വീടുകൾ കേന്ദ്രീകരിച്ച് സർവെയും കുത്തിവെയ്പും നടത്തുന്നുണ്ട്. നാന്നൂറിലേറെ വീടുകളിൽ സർവെ നടത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതിരോധ നടപടിയായി മൂന്ന് ഡോസ് കുത്തിവെയ്‌പാണ് നടത്തുന്നത്. തിരുനെല്ലി പഞ്ചായത്തിൽ എണ്ണായിരത്തോളം പേർക്ക് കുത്തിവയ്‌പ് നടത്തി. വാക്സിന് ചെറിയൊരു വേദനയുള്ളത് കൊണ്ടാണ് പലരും തുടർച്ചയായി എടുക്കാൻ മടിക്കുന്നത്.
- ഡോ. ആർ. രേണുക,
ജില്ലാ മെഡിക്കൽ ഒാഫീസർ